ഇടുക്കി: സംസ്ഥാനത്ത് പേവിഷബാധ മൂലം നിരവധി പേർ മരണമടഞ്ഞ സാഹചര്യത്തിൽ പേവിഷബാധക്കെതിരെ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ ഡോ. സുരേഷ് വർഗ്ഗീസ് അറിയിച്ചു. പേവിഷബാധയുള്ള മൃഗങ്ങളുടെ കടിയോ, മാന്തലോ, നക്കലോ മൂലം മനുഷ്യർക്ക് രോഗാണുബാധ ഉണ്ടാകാം. പേവിഷബാധയുണ്ടാക്കുന്ന രോഗാണു വൈറസാണ്. ഇത് പ്രധാനമായും തലച്ചോറിനെയാണ് ബാധിക്കുന്നത്. ഈ വൈറസ് നായ്ക്കളിൽ നിന്നാണ് പ്രധാനമായും മനുഷ്യരിൽ എത്തുന്നതും പേവിഷബാധ ഉണ്ടാക്കുന്നതും. പൂച്ച, പശു, ആട് എന്നിവയിൽ നിന്നും രോഗബാധ ഉണ്ടാകാം. തലവേദന, ക്ഷീണം, നേരിയ പനി എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. തുടർന്ന് വെളിച്ചം, വായു, വെള്ളം എന്നിവയോട് ഭയം അനുഭവപ്പെടും. സാധാരണഗതിയിൽ രോഗലക്ഷണങ്ങൾ പ്രകടമാകാൻ രണ്ട് മുതൽ മൂന്ന് മാസം വരെ എടുക്കും. ചിലപ്പോൾ ഇത് ഒരാഴ്ച്ച മുതൽ ഒരു വർഷം വരെയുമാകാം.
രോഗ പ്രതിരോധത്തിന്
വളർത്തുമൃഗങ്ങൾക്ക് പ്രത്യേകിച്ച് നായ, പൂച്ച എന്നിവയ്ക്ക് പേവിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ് നൽകുകയാണ് രോഗം തടയുന്നതിനുള്ള പ്രധാന മാർഗ്ഗം. നായ്ക്കൾക്ക് ജനിച്ച ശേഷം രണ്ടാം മാസം ആദ്യ ഡോസും, മൂന്നാം മാസം രണ്ടാം ഡോസും തുടർന്ന് എല്ലാ
വർഷവും ബൂസ്റ്റർ ഡോസ് വാക്‌സിനും നൽകണം.
മൃഗങ്ങളോട് കരുതലോടെ ഇടപെടണം
മൃഗങ്ങളെ പരിപാലിക്കുന്നവർ പേവിഷബാധക്കെതിരെ പ്രതിരോധ കുത്തിവയ്പ് എടുക്കണം. മൃഗങ്ങളുടെ കടിയോ, മാന്തലോ ഏറ്റാൽ സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനിറ്റു കഴുകണം. ഇത് രോഗാണുബാധ ഒരു പരിധി വരെ ഒഴിവാക്കാൻ സഹായിക്കും. തുടർന്ന് എത്രയും വേഗം ഡോക്ടറുടെ നിർദ്ദേശപ്രകാരം പേവിഷ ബാധയക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ് എടുക്കണം.