 
നെടുങ്കണ്ടം: കമ്പംമെട്ട്പൊലീസ് സ്റ്റേഷന്റെ സുരക്ഷക്ക് ചൈനീസ് പാമ്പുകൾ. വാനരക്കൂട്ടത്തിന്റെ തുടർച്ചയായ ആക്രമണം രൂക്ഷമായതോടെ പൊലീസുകാർ ചൈനീസ് പാമ്പിനെ രംഗത്തിറക്കിയത്. കേരള തമിഴ്‌നാട് അതിർത്തിയോട് ചേർന്നാണ് കമ്പംമെട്ട് പൊലീസ് സ്റ്റേഷൻ . തൊട്ടടുത്ത് തമിഴ്‌നാട് വനഭൂമിയാണ്. ഇവിടെ നിന്നും എത്തുന്ന വാനരക്കൂട്ടം പൊലീസ് സ്റ്റേഷനിലും പരിസരവാസികൾക്കുമുണ്ടാക്കുന്ന ശല്യം ചെറുതല്ല. രാവിലെ എത്തുന്ന വാനരക്കൂട്ടം ഉച്ചവരെ പോലീസ് സ്റ്റേഷന്റെ പരിസരത്ത് ശല്യം വിതക്കും.സ്റ്റേഷൻ വളപ്പിൽ എത്തുന്ന വാഹനങ്ങളും പൊലീസ് വാഹനങ്ങൾക്കും കേടുപാട് വരുത്തും. പൊലീസുകാരുടെ മെസിൽ കയറി ഭക്ഷണ സാധനങ്ങൾ വലിച്ച് വാരിയിടും. സ്റ്റേഷൻ വളപ്പിലെ പ്ലാവിൽ ചക്ക പഴുക്കുന്നതോടെ വാനരൻമാർ എത്തി ചക്കപ്പഴം തിന്ന ചക്കക്കുരു സ്റ്റേഷൻ വളപ്പിലേക്ക് എറിയുന്നതും പതിവായിരുന്നു. സമീപത്തെ കർഷകരുടെ വിളകളും ആഹാരസാധനങ്ങളും വസ്ത്രങ്ങളും വരെ വാനരക്കൂട്ടം എടുത്തു കൊണ്ടുപോയസംഭവങ്ങൾ വരെയാണ് കമ്പംമെട്ട് മേഖലയിൽ നടന്നിരുന്നത്. ശല്യം രൂക്ഷമായതോടെയാണ് വാനരക്കൂട്ടത്തെ തുരത്താൻ പൊലീസ് സ്റ്റേഷന്റെ മുൻവശത്തും സമീപത്തെ മരങ്ങളിലും ചൈനീസ് പാമ്പുകളെ സ്ഥാപിച്ചത്. ഒറജിനലായി തോന്നിക്കുന്ന ചൈനീസ് നിർമ്മിത പാമ്പുകൾ കണ്ടാൽ വാനരൻമാർ പേടിച്ച് അവിടേക്ക് വരില്ല എന്നത് അടുത്ത കാലത്തായി ചിലർ കൃഷിത്തോട്ടങ്ങളിൽ പരീക്ഷിച്ച് വിജയിച്ചതാണ്. ചൈനീസ് പാമ്പ് പരീക്ഷണം വിജയിച്ചെന്ന് ഉറപ്പാക്കുംവിമം കഴിഞ്ഞ ദിവസങ്ങളായി ഒരു വാനരൻ പോലും സ്റ്റേഷൻ പരിസരത്തേക്ക് എത്തിയില്ല.