മറയൂർ: മറയൂർ സെന്റ് മേരീസ് യു പി സ്‌കൂൾ ഭാഗത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ കൂട്ടത്തല്ല്. മദ്യപിച്ചെത്തിയ ആറംഗ സംഘമാണ് അന്തർ സംസ്ഥാനപാതയിൽ ഗതാഗതം തടസ്സപ്പെടുത്തി ഏറ്റുമുട്ടുകയും യാത്രക്കാരെ ഭീതിയിലാഴ്ത്തി. പരസ്പരം കല്ലുകൾ കൊണ്ട് ഇടിച്ച് ആക്രമണം നടത്തിയതിനെ തുടർന്ന് സമീപവാസികൾ മറയൂർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോൾ സംഘത്തിലെ ചിലർ ഓടി രക്ഷപ്പെട്ടു. നിർമ്മാണമേഖലയിലും തോട്ടങ്ങളിലെ പണിക്കും മറ്റുമായി ഉത്തരേന്ത്യൽ നിന്നും ഉൾപ്പെടെ നിരവധി പേരാണ് മറയൂർ മേഖലയിൽ എത്തിയിരിക്കുന്നത്. കരാറുകാരും മറ്റ് പല തൊഴിൽ ഉടമകളും ഇവരുടെ തിരിച്ചറിയൽ രേഖകളോ ശേഖരിക്കുകയോ ശേഖരിക്കുകയോ പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയോ ചെയ്യാറില്ല.
റിസോർട്ടുകളുടെ എണ്ണം വർദ്ധിച്ചതോടെ നൂറ് കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് എത്തുന്നത് .ഇത്തരം സംഘങ്ങളിൽ പെട്ടവരാണ് അക്രമണം നടത്തുന്നത്. കോവിൽക്കടവ് തെങ്കാശിനാഥൻ ക്ഷേത്രത്തിലും ചില വീടുകളിലും മോഷണശ്രമങ്ങൾ നടന്നതോടെ നാട്ടുകാർക്ക് അന്യസംസ്ഥാന തൊഴിലാളികളെയാണ് സംശയം.