ആക്രമിക്കാൻവന്ന പുലിയെ വെട്ടിക്കൊന്ന ഗോപാലന്റെ കഥ

പുലിയ വകവരുത്തിയ വാക്കത്തിൽ കൈയിലേന്തി ഗോപാലൻ - ഫോട്ടോ ബാബു സൂര്യ
നാല് വശവും വനങ്ങളാൽ ചുറ്റപ്പെട്ട കുടിയേറ്റ ഗ്രാമമായ ഇടുക്കി മാങ്കുളത്തെ ജനങ്ങൾക്ക് രണ്ടാഴ്ച മുമ്പ് വരെ പകൽ പോലും വീടിന് പുറത്തിറങ്ങാൻ ഭയമായിരുന്നു. രണ്ടു മാസമായി നാട്ടിൽ സ്വൈര്യവിഹാരം നടത്തുന്ന പുലി എപ്പോഴാണ് ചാടി വീഴുകയെന്നു പറയാനാകില്ല. ഓരോ ദിവസവും പുലി ഓരോ വീട്ടിലെ വളർത്തുമൃഗങ്ങളെ കൊന്ന് തിന്ന വാർത്ത കേട്ടാണ് ഗ്രാമം ഉണർന്നിരുന്നത്. 
സ്കൂളിൽ പോകുന്ന കുഞ്ഞുങ്ങൾ തിരിച്ചുവരും വരെ മാതാപിതാക്കളുടെ നെഞ്ചിൽ തീയായിരുന്നു. സന്ധ്യയാകുന്നത്തോടെ മാങ്കുളം ടൗണിലുള്ളവരെല്ലാം എത്രയും പെട്ടെന്ന് വീട് പിടിക്കും. വ്യാപാരികൾ നേരത്തെ കടകൾ അടയ്ക്കും. ഇങ്ങനെ 'പുലിമുരുകൻ" സിനിമയിലെ 'പുലിയൂർ" നിവാസികളെ പോലെ പേടിച്ചു വിറച്ചായിരുന്നു ഇവിടത്തുകാരുടെ ജീവിതം. പുലിയെ കുടുക്കാൻ വനംവകുപ്പ് പലയിടത്തും കാമറയും കെണിയും വച്ചെങ്കിലും ഒന്നും ഫലിച്ചില്ല. ഒടുവിലാണ് നാട്ടുകാരുടെ രക്ഷകനായി മാങ്കുളത്തിന്റെ സ്വന്തം 'പുലി ഗോപാലൻ"അവതരിക്കുന്നത്. പതിയിരുന്നു തന്നെ  ആക്രമിച്ച പുലിയെ വാക്കത്തിക്ക്  വെട്ടി കൊന്ന ഗോപാലൻ ഇപ്പോൾ നാട്ടുകാരുടെ ഹീറോയാണ്. മാങ്കുളത്തിന്റെ 'പുലി മുരുകൻ" എന്ന് പുകഴ്ത്തി നാട്ടുകാരും വിവിധ സംഘടനകളും അഭിനന്ദനങ്ങളും പുരസ്കാരങ്ങളും ചൊരിയുമ്പോഴും അതൊന്നും തന്റെ കഴിവല്ലെന്നും ആത്മരക്ഷാർത്ഥം ചെയ്തതാണെന്നും ഗോപാലൻ വിനയാന്വിതനാകുന്നു. ഒപ്പം പുലിയുടെ ആക്രമണത്തിൽ പൊട്ടിയ ഇടതുകൈ നോക്കി എന്നുമുതൽ ഇനി വീണ്ടും ജോലി ചെയ്യാനാകുമെന്ന് സങ്കടപ്പെടുന്നു. ചോദിച്ചപ്പോൾ, ഇനിയും വിട്ടുമാറാത്ത ഭീതിയോടെ ആ വെളുപ്പാൻകാലം ഗോപാലൻ ഓർത്തെടുത്തു...
വെറും ഗോപാലൻ പുലിഗോപാലനായപ്പോൾ
മാങ്കുളത്ത് നിന്ന് അഞ്ച് കിലോമീറ്റർ അകലെ ചിക്കണംകുടി  ഗവ. എൽ.പി സ്കൂളിന് പിന്നിലെ  കൊച്ചു കൂരയിലാണ് ഗോപാലൻ അനിയൻപിള്ളയെന്ന 46കാരനും കുടുംബവും ജീവിക്കുന്നത്.
ഭാര്യ ബിന്ദുവും ഇളയമകൻ രാമനും രാമന്റെ ഭാര്യ കൗസല്യയും ഇവരുടെ ഒന്നരവയസുള്ള കുട്ടിയുമാണ് വീട്ടിലുള്ളത്. മറ്റ് രണ്ട് മക്കളായ സിന്ധുവും ഷനുവും വിവാഹം കഴിച്ച് വേറെയാണ് താമസം. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ഗോപാലൻ മുതുവാൻ സമുദായത്തിൽപ്പെട്ട ആദിവാസിയാണ്. പരമ്പരാഗതമായി ലഭിച്ച ഒന്നേകാലേക്കർ ഭൂമിയിൽ കുരുമുളക്, കൊക്കോ, റബ്ബർ, ഏലം എന്നിവ കൃഷി ചെയ്താണ് ഉപജീവനം നടത്തുന്നത്. വീട്ടിൽ നിന്ന് അരമണിക്കൂർ നേരം നടക്കാനുണ്ട് ഇവിടേക്ക്. അയൽവാസി മാത്യുവിന്റെ കൂട്ടിലെ രണ്ട് ആടുകളെ പുലി കൊന്നെന്നു കേട്ടാണ് മൂന്നാം തീയതി രാവിലെ ഉറക്കമെഴുന്നേറ്റതെന്ന് ഗോപാലൻ പറയുന്നു. 'തലേദിവസം അമ്പതാംമൈലിൽ ഒരു വീടിന്റെ കോഴിക്കൂട്ടിലെ വലയിൽ പുലി കുടുങ്ങിയെന്നും പൊട്ടിച്ച് ഓടിയെന്നും കേട്ടിരുന്നു. ഫോണിലെടുത്ത പടത്തിൽ പുലിയെ നന്നായി കാണാനൊക്കുന്നില്ലെന്ന് കൂട്ടുകാരോട് പറഞ്ഞത് ഓർത്തു. മാത്യുവിന്റെ വീട്ടിൽ പോയി ആടുകളെ കടിച്ചുകീറിയിട്ടേക്കുന്നതു കണ്ടിട്ട് വീട്ടിലെത്തി കാപ്പിയും കുടിച്ച ശേഷം രാവിലെ ഏഴ് മണിയോടെ കൃഷി ഭൂമിയിലേക്ക് നടന്നു. കാട്ടിനടുത്ത് കൂടിയാണ് വഴി. നേരിയ മഴയുണ്ടായിരുന്നതിനാൽ മഴക്കോട്ട് ധരിച്ചിരുന്നു. എപ്പോഴും കരുതാറുള്ള വാക്കത്തിയും കൈയിലുണ്ടായിരുന്നു. 
വീട്ടിൽ നിന്ന് ഇറങ്ങി 200 അടി നടന്നപ്പോൾ പതിവില്ലാതെ വഴിവക്കിലെ കൊക്കോമരത്തിന്റെ ചുവട്ടിൽ നിന്ന് ഒരു മുരൾച്ച കേട്ടു. തിരിഞ്ഞുനോക്കിയപ്പോഴേക്കും പുലി എന്റെ തലയിലേക്ക് ചാടി വീണു. പുലിയുടെ മുൻകാലുകൾ തലയിൽ തട്ടിയപാടെ കുനിഞ്ഞിരുന്നു. മുതുകിൽ ഉരസി അൽപം താഴേക്ക് ഉരുണ്ട പുലി കൂടുതൽ ശൗര്യത്തോടെ വീണ്ടും ദേഹത്തേക്ക് ചാടി മാന്താൻ തുടങ്ങി. ഉറക്കെ ബഹളം വച്ച് രണ്ടു കൈകളും ശക്തിയായി ഞാൻ വീശി. നിലത്തു വീണ പുലി വീണ്ടും ദേഹത്തേക്കു ചാടി. ഇതോടെ താൻ കാലു തെന്നി നിലത്തു വീണു. കുറെ ഉരുണ്ടു. പുലി പിന്നെയും എന്റെ മുകളിലേക്കു കയറി കടിക്കാനും മാന്താനും തുടങ്ങി. മഴക്കോട്ട് കീറിപറിഞ്ഞു. ഗത്യന്തരമില്ലാതെ കൈ കൊണ്ടു പരതുമ്പോൾ കട്ടിയായി എന്തോ തടഞ്ഞു.
കല്ലാണെന്നാണ് ആദ്യം കരുതിയത്. അതെടുത്ത് ആഞ്ഞു വീശി. വാക്കത്തിയായിരുന്നു. ആദ്യവെട്ട് പുലിയുടെ കൈയിൽ കൊണ്ടു. ചെറുതായി മുറിഞ്ഞതേയുള്ളു. ഇതു വക വയ്ക്കാതെ വീണ്ടും എന്നെ മാന്താൻ തുടങ്ങി. ഇതോടെ വീണ്ടും വെട്ടി. ഇത്തവണ മുഖത്തു കണ്ണിനു മുകളിലാണ് കൊണ്ടത്. ഒന്നുപിടിഞ്ഞ് പുലി താഴേക്കു മറിഞ്ഞു. ആരൊക്കെയോ എടുത്ത് ആശുപത്രിയിലെത്തിച്ചതേ പിന്നെ ഓർമ്മയുള്ളൂ." ഗോപാലന്റെ ഇടതുകൈയ്ക്ക് പൊട്ടലുണ്ട്. വാരിയെല്ലിനും പരുക്കുണ്ട്. ദേഹത്താകെ മുറിവേറ്റിട്ടുണ്ട്. ഒരാഴ്ചയോളം നീണ്ട ആശുപത്രി വാസത്തിന് ശേഷം ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ് ഗോപാലൻ.
കേസിന് പകരം സ്വീകരണം
പത്തുവയസ് പ്രായമുള്ള പെൺപുലിയായിരുന്നു ചത്തത്. 40 കിലോ തൂക്കമുണ്ട്.  പല്ലുകൾ കൊഴിഞ്ഞുപോയിരുന്നു. അതിനാൽ, തീറ്റതേടിയാണ് ഇത് ജനവാസമേഖലയിലേക്കിറങ്ങിയതെന്നാണ് വനംവകുപ്പിന്റെ നിഗമനം. 
പുലിയുടെ ജഡം ഫ്രീസറിൽ സൂക്ഷിച്ച ശേഷം പിറ്റേന്നാണ് മൃതദേഹപരിശോധന നടത്തി. വന്യജീവി സംരക്ഷണ നിയമത്തിൽ ഷെഡ്യൂൾ വണ്ണിൽപ്പെട്ട (അതിതീവ്ര സംരക്ഷണ വിഭാഗം) മൃഗമാണ് പുലി. ഇവയ്ക്ക് നേരെയുള്ള മനുഷ്യന്റെ ആക്രമണം വന്യജീവി സംരക്ഷണ നിയമപ്രകാരം ഏഴു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. എന്നാൽ ആക്രമണമുണ്ടായാൽ സ്വജീവൻ രക്ഷിക്കാൻ ഏതു വന്യജീവിയെ കൊന്നാലും വന്യജീവി നിയമത്തിലെ II (2) വകുപ്പു പ്രകാരം കുറ്റകരമല്ല. ഒപ്പം കേസെടുക്കില്ലെന്ന് വനംമന്ത്രിയുടെ ഉറപ്പ് കൂടിയായതോടെ ആശ്വാസമായി.
മരിച്ചെന്ന് കരുതി
ഗോപാലനെ പുലി ആക്രമിക്കുമ്പോൾ മറ്റൊരു സ്ഥലത്ത് കൂലിപ്പണിയിലായിരുന്നു ഭാര്യ ബിന്ദു. അയൽവാസികൾ വിവരം വന്നു പറയുമ്പോൾ ഭർത്താവ് മരിച്ചെന്നാണ് താൻ കരുതിയതെന്ന് ബിന്ദു പറഞ്ഞു. പുലി ആക്രമിച്ചയാൾ രക്ഷപ്പെട്ടതായി കേട്ടിട്ടില്ല. പിന്നീട് മകൻ ആശുപത്രിയിൽ നിന്ന് കുഴപ്പമൊന്നുമില്ലെന്ന് വിളിച്ചു പറയുമ്പോഴാണ് ആശ്വാസമായത്. ഗോപാലൻ ചെറുപ്പത്തിൽ ലോറി തട്ടിയിട്ടും ഒന്നും സംഭവിക്കാത്തയാളാണെന്ന് തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന അമ്മ പാണ്ടിച്ചി അഭിമാനംകൊള്ളുന്നു.