മുട്ടം: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷ പരിപാടികൾക്ക് സമാപനം.ഇതിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ മുട്ടം ടൗണിൽ ഇറങ്ങിയ പുലി കളി മത്സരം പ്രദേശവാസികൾക്ക് ഏറെ കൗതുകമായി.ചെണ്ട വാദ്യമേളങ്ങളുടേയും അകമ്പടിയോടെ വിവിധ വർണങ്ങൾ പൂശിയ 17 പുലികളാണ് ടൗണിൽ ഇറങ്ങിയത്. നൃത്തചുവടുകളുമായി നിരത്തിലിറങ്ങിയ പുലികളേയും സംഘത്തെയും കാണാൻ നാടിന്റെ വിവിധ മേഖലകളിൽ നിന്ന് അനേകം ആളുകളാണ് മുട്ടം ടൗണിലേക്ക് എത്തിയത്.കോടതിക്കവലയിൽ നിന്നും ആരംഭിച്ച പുലികളി മത്സരം മുട്ടം ടാക്സി സ്റ്റാൻ്റിലാണ് സമാപിച്ചത്.എണ്ണ മരത്തിൽ കയറ്റം, മിഠായി പെറുക്കൽ, അത്തപ്പൂക്കളം,സുന്ദരിക്ക് പൊട്ട് കുത്തൽ, ജനകീയ വടംവലി,കസേരകളി,പുലികളി എന്നിങ്ങനെ മത്സരങ്ങളും സംഘടിപ്പിച്ചു. വൈകിട്ട് 8 ന് സമാപന സമ്മേളനവും ഗാനമേളയും നടന്നു.