തൊടുപുഴ: നഗരസഭ മാസ്റ്റർപ്ലാൻ സംബന്ധിച്ച് ഒരു വർഷത്തിനകം പുതിയ വിജ്ഞാപനം വഴി പ്രതിസന്ധി ഒഴിവാക്കാമെന്ന സർവകക്ഷിയോഗ തീരുമാനവും നഗരസഭ ചെയർമാന്റെ പ്രഖ്യാപനവും ഒരു വർഷം തികഞ്ഞിട്ടും നടപ്പായില്ലെന്ന് റസിഡന്റ്‌സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ട്രാക്കിന്റെ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാസ്റ്റർ പ്ലാനിലെ അപ്രായോഗിക പദ്ധതികളുടെയും റോഡ് വികസനത്തിന്റെയും പേരിൽ നഗരവാസികളുടെ നൂറുകണക്കിന് ഏക്കർ ഭൂമി ഇപ്പോഴും മരവിപ്പിച്ചിരിക്കുകയാണ്. പറവൂർ നഗരസഭയിലേതുപോലെ മാസ്റ്റർ പ്ലാൻ താത്കാലികമായി മരവിപ്പിച്ച് അപാകതകൾ പരിഹരിച്ചു പുതുക്കണമെന്ന ആവശ്യം നഗരസഭ തള്ളുകയായിരുന്നു. എന്നാൽ വിജ്ഞാപനം മരവിപ്പിക്കാതെ തന്നെ ചുരുങ്ങിയ സമയത്തിനകം പ്രശ്‌നപരിഹാരം ഉണ്ടാക്കും എന്നായിരുന്നു നഗരസഭയുടെ പ്രഖ്യാപനം. പക്ഷേ, പരാതികൾ പരിശോധിച്ച് തീരുമാനമെടുക്കാൻ ഒമ്പത് മാസത്തോളം വേണ്ടിവന്നു. നഗരത്തിന്റെ സ്വാഭാവിക വികസനവും വീട് ഉൾപ്പെടെ നിർമ്മാണങ്ങളും തടസപ്പെടുന്ന അവസ്ഥയാണ്. തൊടുപുഴ മുണ്ടേകല്ലിലെ മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം ആരംഭിക്കാനായിട്ടില്ല. നഗരസഭ അധികൃതർ കക്ഷി രാഷ്ട്രീയം മറന്ന് തുടർ ഇടപെടൽ ശകതിപ്പെടുത്തിയില്ലെങ്കിൽ നാട്ടുകാരുടെ ദുരിതം നീണ്ടുനിൽക്കുമെന്നും അവർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ട്രാക് പ്രസിഡന്റ് ജയിംസ് ടി. മാളിയേക്കൽ, സെക്രട്ടറി സണ്ണി തെക്കേക്കര, മുൻ പ്രസിഡന്റ് എം.സി. മാത്യു, പി.എസ്. ഇസ്മയിൽ, എൻ.പി. പ്രഭാകരൻ എന്നിവർ പങ്കെടുത്തു.