തൊടുപുഴ : 2018 ലെ പ്രളയത്തിൽ മണ്ണിടിഞ്ഞുവീണ് അപകടാവസ്ഥയിലായ വീടിന് സംരക്ഷണ ഭിത്തി നിർമ്മിച്ച് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർ പൊതുമരാമത്ത് (നിരത്ത് വിഭാഗം) എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് നൽകിയ നിർദ്ദേശം അടിയന്തരമായി നടപ്പിലാക്കണമെന്നും കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു.

86 വയസ്സുള്ള വയോധികയുടെ ശല്യാംപാറയിലുള്ള വീടിന്റെ സംരക്ഷണ ഭിത്തി നിർമ്മിക്കാനാണ് ഉത്തരവ്. ജില്ലാകളക്ടറിൽ നിന്നും കമ്മീഷൻ വീശദീകരണം വാങ്ങി. പരാതിക്കാരിയുടെ വീട് റോഡിൽ നിന്നും ഉയരത്തിൽ സ്ഥിതി ചെയ്യുന്നതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. 2018 ലെ പ്രളയത്തിൽ പുരയിടത്തിന്റെ മുൻ ഭാഗത്തെ മണ്ണിടിഞ്ഞ് റോഡിലേക്കും തൊട്ടടുത്തും വീടിന്റെ മുറ്റത്തേക്കും വീണു. സംരക്ഷണ ഭിത്തി നിർമ്മിച്ചില്ലെങ്കിൽ വീടിന് നാശ നഷ്ടങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. വീടിന്റെ സംരക്ഷണ ഭിത്തി പുനർ നിർമ്മിക്കാൻ സർക്കാരിന് തുക അനുവദിക്കാൻ കഴിയില്ലെങ്കിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമായതിനാൽ സംരക്ഷണ ഭിത്തി നിർമ്മിച്ചു നൽകാൻ പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.