
കട്ടപ്പന: രാഹുൽഗാന്ധി ഇന്ത്യ വിടാനുള്ള യാത്രയാണ് നടത്തുന്നതെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുക് പറഞ്ഞു. ബി.ജെ.പി കട്ടപ്പന മണ്ഡലം കമ്മിറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസിനെ വീണ്ടെടുക്കാനുള്ള രാഷ്ട്രീയ പരിപാടികൾ നടത്തുന്നതിൽ ബി.ജെ.പിക്ക് സന്തോഷമേയുള്ളൂ. രാഹുൽ ഗാന്ധിയുടെ യാത്ര ബി.ജെ.പിക്ക് ചങ്കിടിപ്പ് ഉണ്ടാക്കി എന്ന് ചില കോൺഗ്രസ് നേതാക്കൾ പറയുന്നു. 18 ദിവസം കേരളത്തിലൂടെ യാത്ര നടത്തുന്ന രാഹുൽ ഉത്തർപ്രദേശിൽ രണ്ട് ദിവസം മാത്രമായി ചുരുക്കിയത് ആരെ പേടിച്ചിട്ടാണെന്ന് എല്ലാവർക്കും അറിയാം. എസി കാരവാനും ഫോട്ടോഷൂട്ടും വിട്ടിട്ട് ജനങ്ങൾക്കിടയിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലാൻ രാഹുൽ ഗാന്ധി തയ്യാറാവണം. കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണം കേരളത്തിലും അവസാനിക്കുകയാണ്. ബി.ജെ.പി ഇവിടെ താമസിയാതെ അധികാരത്തിൽ എത്തും. ബഫർസോൺ വിഷയത്തിൽ ആശങ്ക വേണ്ട. കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ റിവ്യൂ ഹർജി സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി കട്ടപ്പന മണ്ഡലം പ്രസിഡന്റ് സനിൽ സഹദേവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോർജ് കുര്യൻ, സെക്രട്ടറി ഡോ. രേണു സുരേഷ്, മേഖല പ്രസിഡന്റ് എൻ. ഹരി, യുവമോർച്ച ദേശീയ സെക്രട്ടറി പി ശ്യാംരാജ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, ജനറൽ സെക്രട്ടറിമാരായ വി.എൻ. സുരേഷ്, രതീഷ് വരകുമല, എസ്.ടി മോർച്ച സംസ്ഥാന സെക്രട്ടറി വിജയൻ മാടത്താനി, ബി.ജെ.പി നാഷണൽ കൗൺസിൽ അംഗം ശ്രീനഗരി രാജൻ തുടങ്ങിയവർ സംസാരിച്ചു.
മണ്ഡലം കമ്മിറ്റിക്ക് ശേഷം കോവിൽമല രാജാവിന്റെ വസതിയിൽ എത്തിയ അദ്ദേഹത്തെ കോവിൽമല രാജാവ് ശ്രീരാമൻ രാജമന്നൻ വാളും പരിചയും നൽകി സ്വീകരിച്ചു. കോവിൽമല രാജാവിനൊപ്പം ഉച്ചഭക്ഷണം കഴിച്ച അദ്ദേഹം വൈകിട്ട് അന്യാർതൊളുവിൽ നടന്ന ബി.ജെ.പി ബൂത്ത് കമ്മിറ്റിയിലും പങ്കെടുത്തു.