
നെടുങ്കണ്ടം: മുള്ളുവേലിയിൽ കുടുങ്ങിയ പാറാന്‍ സംരക്ഷകരായി നാട്ടുകാർ. ഗുരുതരമായി പരുക്കേറ്റ് കുടുങ്ങിക്കിടന്ന പാറാന്‍ അഞ്ചുമണിക്കൂറോളം ഭക്ഷണവും വെള്ളവും നൽകുകയും മുറിവുകളിൽ ഈച്ച പിടിക്കാതെ വീശിക്കൊടുക്കുകയും ചെയ്താണ് ഇവർ പാറാന്റെ ജീവൻ സംരക്ഷിച്ചത്. നെടുങ്കണ്ടത്തിന് സമീപം കല്ലാർ പാറയിലാണ് സ്വകാര്യ വ്യക്തിയുടെ മുള്ളുവേലിയിൽ ഫ്ളൈയിംഗ് സ്ക്വിറൽ എന്നറിയപ്പെടുന്ന ആൺ പാറാൻ കുടുങ്ങിയത്. രാത്രിയിൽ എപ്പോഴോ ആണ് പാറാൻ വേലിയിൽ കുടുങ്ങിയതെന്ന് കരുതുന്നു. ഇതിന്റെ കാലിലെ തൊലിയിൽ മുള്ള് തറച്ചുകയറിയ നിലയിലായിരുന്നു. രക്ഷപെടാനുള്ള ശ്രമത്തിനിടെ മറ്റൊരു കാലും മുള്ളുവേലിയിൽ ഉടക്കുകയും ചുറ്റിവലിയുകയും ചെയ്തു. ഇതോടെ വേലിയിൽ നിന്ന് രക്ഷപെടാൻ കഴിയാത്ത അവസ്ഥയിലാകുകയായിരുന്നു . ഇന്നലെ പുലർച്ചെ ആറോടെ പ്രദേശവാസികളാണ് പാറാൻ മുള്ളുവേലിയിൽ കുരുങ്ങിക്കിടക്കുന്നത് കണ്ടത്. തുടർന്ന് രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വനം വകുപ്പിലും നെടുങ്കണ്ടം ഫയർഫേഴ്സിൽ വിവരം അറിയിച്ചു. ഫയർ ഫോഴ്സ് എത്തുന്നതുവരെ മുറിവുകളിൽ ഈച്ച പിടിക്കാതിരിക്കാനായി മണിക്കൂറുകളോളം പ്രദേശവാസികളായ സജീവ്, റെജി ആശാരികണ്ടം, ജ്ഞാനകുമാർ എന്നിവർ വീശിക്കൊടുക്കുകയും ഭക്ഷണവും വെള്ളവും നൽകുകയും പരിപാലിക്കുകയും ചെയ്തു. തുടർന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ എത്തുകയും കട്ടർ ഉപയോഗിച്ച് മുള്ളുവേലി മുറിച്ച് പാറാനെ രക്ഷപെടുത്തുകയും ചെയ്തു. തുടർന്ന് ഇതിനെ വനം വകുപ്പിന് കൈമാറുകയും വനം വകുപ്പ് ഉദ്യോഗസ്ഥർ നെടുങ്കണ്ടം മൃഗാശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകുകയും ചെയ്തു. ഫയർ ഗ്രേഡ് എ.എസ്.ടി.ഒ സണ്ണി വർഗീസ്, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ കേശവ് പ്രതീപ്, ദിപിൻ, അനീഷ്, ഹോം ഗാർഡ് റെജിമോൻ എന്നിവർ ചേർന്നാണ് പാറാനെ മുള്ളുവേലിയിൽ നിന്നും രക്ഷപെടുത്തിയത്.
പറക്കുന്ന അണ്ണാൻ
മരങ്ങളിൽ നിന്ന് മരങ്ങളിലേക്ക് പറന്നുപോകാൻ കഴിയുന്ന ഇനം അണ്ണാനാണ് പാറാൻ എന്നറിയപ്പെടുന്ന ഫ്ളൈയിംഗ് സ്ക്വിറൽ. തെക്ക്, തെക്കുകിഴക്ക് ഏഷ്യ, ചൈന എന്നിവിടങ്ങളിലാണ് പാറാൻ മുഖ്യമായും കണ്ടുവരുന്നത്. പൊതുവേ സമാധാനപ്രിയനാണ് പാറാൻ. പഴങ്ങൾ മരത്തൊലി, മുള, ഇലകൾ, പ്രാണികൾ തുടങ്ങിയവയെല്ലാം ഇവ ഭക്ഷിക്കുന്നു. വിടർന്ന ചിറകുകൾ പോലുള്ള വയറും 50 മുതൽ 52 വരെ സെന്റീമീറ്റർ നീളവുമുള്ള വാലുമാണ് ഇതിന്റെ പ്രത്യേകതകൾ.