തൊടുപുഴ: കുമാരമംഗലത്ത് ഏഴു വയസുകാരനെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ 17ന് കോടതിയിൽ നേരിട്ട് ഹാജരാക്കാൻ നിർദ്ദേശം. തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയുന്ന കേസിലെ പ്രതിയായ തിരുവനന്തപുരം നന്തൻകോട് സ്വദേശി കടവത്തൂർ കാസിൽ അരുൺ ആനന്ദിനെ നേരിട്ടു ഹാജരാക്കാൻ തൊടുപുഴ അഡീഷണൽ സെഷൻസ് കോടതിയാണ് നിർദേശം നൽകിയത്. അന്നേ ദിവസം പ്രതിയെ കുറ്റപത്രം വായിച്ചു കേൾപ്പിക്കും.തുടർന്ന് കേസിൽ വിചാരണ ആരംഭിക്കുന്ന തിയതി സംബന്ധിച്ച് കോടതി തീരുമാനമെടുക്കും.സ്പെഷൽ പ്രോസിക്യൂട്ടറായ സി.എസ്.അജയനാണ് പ്രോസിക്യൂഷനു വേണ്ടി ഹാജരാകുന്നത്. 2019 മാർച്ച് 29 നായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയുടെ മാതാവിന്റെ സുഹൃത്തായിരുന്ന അരുൺ ആനന്ദ് കുട്ടിയെ മർദ്ദിക്കുകയും ഭിത്തിയിലേക്ക് വലിച്ചെറിയുകയുമായിരുന്നു. തലയ്ക്ക് മാരകമായി പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന കുട്ടി ഏപ്രിൽ ആറിന് മരണമടഞ്ഞു. കുട്ടിയുടെ പിതാവിന്റെ മരണ ശേഷമാണ് പ്രതി കുട്ടിയുടെ അമ്മയോടൊപ്പം താമസമാക്കിയത്.കുട്ടിയുടെ നാലു വയസുകാരനായ ഇളയ സഹോദരനു നേരെ ഇയാൾ ലൈംഗികാതിക്രമം നടത്തിയതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.ഇതിൽ പോക്സോ കോടതി പ്രതിക്ക് 19 വർഷം കഠിന തടവും 23.81 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്.