wild-elephant

പീരുമേട്: കൃഷി നശിപ്പിക്കുന്ന കാട്ടാനയെക്കൊണ്ട് പൊറുതിമുട്ടി കർഷകർ. പീരുമേട് കച്ചേരിക്കുന്ന്, തോട്ടാപ്പുര, ഗസ്റ്റ് ഹൗസ് ഭാഗം, പ്ലാക്കത്തടം എന്നിവിടങ്ങളിലെ ജനവാസ മേഖലയിലാണ് കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചത്. ഒരു കൊമ്പൻ ഉൾപ്പെടെ അഞ്ച് ആനകളടങ്ങിയ കൂട്ടമാണ് കാർഷിക മേഖലയിൽ കയറി പത്തിലധികം കർഷകരുടെ കൃഷികൾ നശിപ്പിച്ചത്. ഏലച്ചെടികൾ ചവിട്ടിമെതിച്ചു. വാഴ, കമുക്, പന, തെങ്ങ് എന്നിവയും നശിപ്പിച്ചു. കച്ചേരിക്കുന്നിൽ എത്തിയ കാട്ടാനക്കൂട്ടം കഴിഞ്ഞ ദിവസം രാവിലെ ഏഴു വരെയും ചാൾസ് ലൂയിസിന്റെ തോട്ടത്തിൽ നില ഉറപ്പിച്ചു. തോട്ടം നോക്കുന്ന സുശീലയും അമ്മ രാജമ്മയും മകൻ ശക്തിയുമാണ് ഈ സമയം ഇവിടെ ഉണ്ടായിരുന്നത്. ഇവർ ആനകൾ പോകുന്നത് വരെ ശ്വാസമടക്കി വീടിനുള്ളിൽ ഭീതിയോടെ ഇരുന്നു. ഇവരുടെ വീടിന്റെ ചായിപ്പ് ആന തട്ടി താഴെയിട്ടു. അപ്പോഴാണ് വീട്ടുകാർ ആന ഇറങ്ങിയ വിവരം അറിയുന്നത്. തൊട്ടടുത്ത സ്ഥലമുടമ ആർ.കെ. മുരളീധരനെത്തി പടക്കം പൊട്ടിച്ച് ബഹളം വച്ചതിനെ തുടർന്നാണ് കാട്ടാനക്കൂട്ടം വനാതിർത്തിയിലേക്ക് മാറിയത്. കഴിഞ്ഞ ഒരു മാസക്കാലമായി ഇവിടെ കാട്ടാന ശല്യം രൂക്ഷമാണ്. ജനങ്ങൾ ഏതു സമയവും ഭയന്നാണ് ഇവിടെ കഴിയുന്നത്. ഇതൊോടൊപ്പം കാട്ടുപോത്ത്, കാട്ടുപന്നി, കുരങ്ങ് എന്നിവയുടെ ശല്യവും പെരുകിയിരിക്കുകയാണ്. ഇതിനെതിരെ ശാശ്വതമായ പരിഹാരം ഉണ്ടാകണമെന്ന് സ്ഥലം സന്ദർശിച്ച പഞ്ചായത്ത് പ്രസിഡന്റ് എസ്. സാബു, വാർഡ് മെമ്പർ ആർ. ദിനേശൻ എന്നിവരോട് നാട്ടുകാർ പരാതിപ്പെട്ടു.

നേര്യമംഗലത്തും കാട്ടാന ശല്യം

നേര്യംമംഗലം മേഖലയിൽ വീണ്ടും കാട്ടാന കൃഷി നശിപ്പിച്ചു. മാദ്ധ്യമപ്രവർത്തകനായ എം.ആർ. ശശിയുടെ പുരയിടത്തിലെ വാഴകൾ കാട്ടാനക്കൂട്ടം നശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെ നേര്യമംഗലം പാലത്തിന് സമീപമുള്ള വനംവകുപ്പ് റേഞ്ച് ഓഫീസിന് മുന്നിൽ കാട്ടാനകളെത്തിയതിനെ തുടർന്ന് കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ അൽപ്പനേരം ഗതാഗതം തടസപ്പെട്ടു. പാലത്തിന് സമീപം ദേശീയപാതയോരത്ത് നിന്നിരുന്ന കാട്ടുപന ആനകൾ ഇലക്ട്രിക് പോസ്റ്റിന് മുകളിലേക്ക് പിഴുതിട്ടു. ഒരാഴ്ച മുമ്പ് നേര്യമംഗലം ടൗണിലുള്ള ജില്ലാ കൃഷിത്തോട്ടത്തിലെത്തിയും ആനകൾ കൃഷി നശിപ്പിച്ചിരുന്നു.