കുമളി:ഇ ജില്ലയിൽ സ്ഥിരമായി സിറ്റിംഗ് നടത്തുനതുകൊണ്ട് പരാതികൾ വളരെ വേഗം പരിഹരിക്കുന്നതിനും കേസുകൾ കെട്ടികിടക്കുന്നത് തടയുന്നതിനും സാധിക്കുന്നുണ്ടെന്ന് വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ പറഞ്ഞു. കുമളിയിൽ നടന്ന വനിതാ കമ്മീഷൻ അദാലത്തിന് ശേഷം സംസാരിക്കുകയിരുന്നു അവർ. സമയബന്ധിതമായി പരാതികൾ പരിഹരിക്കാൻ കഴിയുന്നു എന്നതുകൊണ്ട് കേസുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നും അവർ പറഞ്ഞു.
കുമളി വ്യാപരാഭവനിൽ വനടന്ന അദാലത്തിൽ 34കേസുകളാണ് പരിഗണിച്ചത്. ഇതിൽ 6 കേസുകൾ തീർപ്പാക്കി. 28 കേസുകൾ അടുത്ത ഹിയറിങ്ങിനു വേണ്ടി മാറ്റിവച്ചു. ഇന്നലെ പരിഗണിച്ചവയിൽ കൂടുതലും സ്വത്ത് സംബന്ധമായ കേസുകളെ തുടർന്ന് കുടുംബങ്ങളിലുണ്ടായ സംഘർഷങ്ങളും പ്രശ്‌നങ്ങളും ഒപ്പം തൊഴിലിടങ്ങളിൽ ഉണ്ടായ തർക്കങ്ങളുമാണ്.
കുമളിയിലും പരിസര പ്രദേശങ്ങളിലുമുള്ള കേസുകൾ മാത്രമാണ് കമ്മീഷൻ ഇന്നലെ പരിഗണിച്ചത്. ഇടുക്കിയിലെ ഭൂമിശാസ്ത്രപരമായ ബുദ്ധിമുട്ടുകൾ മനസിലാക്കി പരാതികാർക്ക് എത്തി ചേരാനുള്ള സാഹചര്യമൊരുക്കി ജില്ലയെ നാല് മേഖലകളായി തിരിച്ചാണ് സിറ്റിംഗ് നടത്തി വരുന്നത്. അദാലത്തിൽ കമ്മീഷൻ സി ഐ ജോസ് കുര്യൻ, അഡ്വ കവിത വി .തങ്കപ്പൻ, വനിതാ പോലീസ് സ്റ്റേഷൻ ഇടുക്കി എസ് ഐ ജീനാമ്മ എം എം എന്നിവർ പങ്കെടുത്തു.