road
ദേശീയ പാത കൈയേറി വേലി കെട്ടി തിരിച്ചിരിക്കുന്നു

പീരുമേട്: ദേശീയ പാത കൈയ്യേറി റിസോർട്ട് ഉടമ വേലി കെട്ടി തിരിച്ചു. ദേശീയപാത 183ൽകല്ലാർകവലയ്ക്ക് സമീപം മത്തായി കൊക്ക ഭാഗത്ത്നൂറു മീറ്റർ നീളത്തിലും നാല് അടി വീതിയിലുമാണ് ദേശീയ പാതയിൽ റോഡിന്റെ സൈഡ് ഭിത്തിയുടെയും വൈദ്യുതി പോസ്റ്റിനും പുറത്ത് വച്ച് വേലി കെട്ടി തിരിച്ച് കൈവശപ്പെടുത്തിയത്. സ്ഥലം തങ്ങളുടേതെന്ന് സ്ഥാപിച്ചെടുക്കുന്നതിനായി കയ്യേറിയ സ്ഥലത്തിന് പുറത്ത് റിസോർട്ടിന്റെ ബോർഡും തിരക്കിട്ട് സ്ഥാപിച്ചു. ദേശീയപാതയിൽ പലയിടത്തും കയ്യേറ്റങ്ങൾ കാലങ്ങളായി നടക്കുന്നുണ്ടെങ്കിലും ഇവയൊക്കെ ദേശീയപാത അതോറിറ്റി ഇത്തരം കാര്യങ്ങളിൽ ഗുരുതരമായ വീഴ്ചവരുത്തുന്നതായി ആക്ഷേപമുണ്ട്. ഏതാനുംദിവസങ്ങൾക്ക് മുമ്പാണ് പീരുമേട് താലൂക്ക് സഭയോഗം ചേർന്ന് മുണ്ടക്കയം മുതൽ കുമളി വരെയുള്ള കയ്യേറ്റക്കാരുടെ പട്ടിക തയ്യാറാക്കാനും, ഇവരെ ഒഴിപ്പിക്കാനും തീരുമാനമെടുത്തത്.എന്നാൽ വ്യക്തമായി കണ്ടെത്താവുന്ന സ്വകാര്യ ഇത്തരം കയ്യേറ്റം നടക്കുന്നത് കണ്ടാലും ദേശീയപാത ഉദ്യോഗസ്ഥർ കണ്ണടയ്ക്കുന്നുവെന്നാണ് ആരോപണം ഉയരുന്നത്.

താൽക്കാലിക

ഷെഡിൽ തുടങ്ങി....

ദേശീയപാത 183 ൽ മുണ്ടക്കയം മുതൽ കുമളി വരെയുള്ള ഭാഗങ്ങൾ പരിശോധിച്ചാൽ റോഡിന്റെ ഇരുവശങ്ങളിലും സ്വകാര്യ വ്യക്തികൾ ദേശീയപാത കയ്യേറി സ്വന്തമാക്കിയത് കണ്ടെത്താൻ കഴിയും. താൽക്കാലിക ഷെഡ്ഡ് വയ്ക്കും അത് അധികൃതർ എടുത്ത് മാറ്റതിരിക്കുമ്പോൾ അവിടെ തന്നെ കോൺക്രീറ്റ് കെട്ടിടങ്ങൾ പണിത് സ്ഥിരപ്പെടുത്തും ദേശീയപാതയിൽ മാത്രമല്ല കയ്യേറ്റം നടക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് പരുന്തുംപാറയിൽ റവന്യൂ ഭൂമി സ്വകാര്യ വ്യക്തി കയ്യേറി വേലി വച്ചിരുന്നു. പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ നാട്ടുകാർ വേലി പൊളിച്ചു കളഞ്ഞതിനു ശേഷമാണ് ഭൂപതിവ് തഹസിൽദാർ സ്ഥലത്തെത്തി സർക്കാർ ബോർഡ് സ്ഥാപിച്ചത് . പീരുമേട് പൊതുമരാമത്ത് വക സ്ഥലം തൊട്ടടുത്ത ഏലത്തോട്ടം ഉടമ കയ്യേറി വേലി സ്ഥാപിച്ചതും ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് പൊളിച്ചു മാറ്റുകയായിരുന്നു.