കല്ലാർ: വനിത ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു സംരക്ഷണ പദ്ധതിയായ ഒ.ആർ.സി.യുടെ (ഔവർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ) നേതൃത്വത്തിൽ കല്ലാർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ 'സ്മാർട്ട് 40' ത്രിദിന ക്യാമ്പ് സംഘടിപ്പിച്ചു. പ്രധാന അദ്ധ്യാപകൻ കൃഷ്ണൻ എം. പി. ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
തിരഞ്ഞെടുക്കപ്പെട്ട 40 കുട്ടികൾക്കാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കുട്ടികളിലെ വൈകാരിക മാറ്റങ്ങളെയും മാനസിക പ്രശ്‌നങ്ങളെയും തിരിച്ചറിഞ്ഞ് അവരിൽ ആത്മവിശ്വാസം വളർത്തുക, പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച് ജീവിത വിജയം നേടാൻ പ്രാപ്തമാക്കുക, കുട്ടികളെ പഠനത്തിൽ മുൻനിരയിലെത്തിക്കുന്നതിന് പ്രചോദനം നൽകുക, കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് സഹായിക്കുക, അവരിൽ ലക്ഷ്യബോധം, നേതൃപാടവം എന്നിവ വളർത്തിയെടുക്കുക എന്നിവയാണ് ക്യാമ്പിന്റെ ലക്ഷ്യം.
സൈക്കാളജിസ്റ്റായ ജാക്വലിൻ, ഒ.ആർ.സി. പ്രൊജക്ട് അസിസ്റ്റന്റ് കാതറിൻ വിൽസൺ, റിസോഴ്‌സ് പേഴ്‌സൺമാരായ മാത്യൂസ് തങ്കച്ചൻ, ചിന്നു വർക്കി, റോസ്മി തോമസ്, കിരൺ അഗസ്റ്റിൻ, പ്രീത് ഭാസ്‌കർ, അഞ്ജലി രാജൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസം, ആരോഗ്യം, പൊലീസ്, തദ്ദേശഭരണ വകുപ്പുകൾ, വിവിധ സർക്കാരിതര സന്നദ്ധ പ്രസ്ഥാനങ്ങൾ, അദ്ധ്യാപകരക്ഷാകർതൃ സമൂഹം എന്നിവയെ കോർത്തിണക്കി സാമൂഹികനീതി വകുപ്പു നടപ്പാക്കുന്ന സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ഭാഗമാണ് ഒ.ആർ.സി.