നെടുങ്കണ്ടം : ഫ്രൈഡ് റൈസിൽ ചിക്കൻ കുറഞ്ഞു പോയെന്ന പേരിൽ രാമക്കൽമേട്ടിൽ റിസോർട്ടിൽ ആക്രമണം നടത്തിയതായ് പരാതി. അഞ്ചംഗ മദ്യപസംഘം ടേബിളും പ്ലേറ്റുകളും ഉൾപ്പെടെ അടിച്ചു പൊട്ടിച്ച് ഒന്നരമണിക്കൂർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. റിസോർട്ട് ജീവനക്കാരനെ കയ്യേറ്റം ചെയ്യാനും ശ്രമം നടന്നു.
ബുധനാഴ്ച്ചരാത്രി പത്തരയോടെ കൂടിയാണ് സംഭവങ്ങൾക്ക് തുടക്കം രാമക്കൽമേട് സിയോൺ ഹിൽസ് റിസോർട്ടിൽ വിളിച്ച് ഭക്ഷണം ചെയ്തു തുടർന്ന് 11 മണിയോടെ ഫ്രൈഡ്രൈസ് ഉൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങൾ എത്തി കഴിക്കുകയും ചെയ്തു. ഇതിനിടയിലാണ് ഫ്രൈഡ്രൈസിൽ ചിക്കൻ കുറഞ്ഞുപോയെന്നും കൂടുതൽ ചിക്കൻ വേണമെന്ന് ആവശ്യപ്പെട്ട് സംഘത്തിൽ ഒരാൾ കഴിച്ചു കൊണ്ടിരുന്ന പ്ലേറ്റ് അടിച്ചു പൊട്ടിക്കുകയായിരുന്നുവെന്നാണ് ജീവനക്കാർ പറയുന്നത്. തുടർന്ന് ടേബിളുകൾക്കും കേടുപാടുകൾ വരുത്തി. ഇതിനിടയിൽ ജീവനക്കാരൻ അനു മാത്യു വിന്റെ കൈപിടിച്ച് തിരിക്കാനും മർദ്ദിക്കാനും ശ്രമം ഉണ്ടായി.
സംഭവത്തിൽ നെടുങ്കണ്ടം പൊലീസിൽ റിസോർട്ട് ഉടമകളും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും പരാതി നൽകി. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി നെടുങ്കണ്ടം പോലീസ് അറിയിച്ചു. എന്നാൽ തങ്ങൾ ഓർഡർ ചെയ്ത ഭക്ഷണമല്ല നൽകിയതെന്നും അതിനെ തുടർന്ന് വാക്ക് തർക്കം ഉണ്ടാവുക മാത്രമാണ് ചെയ്തതെന്നും ടേബിൾ തകർത്തിട്ടില്ലന്നും ആരോപണ വിധേയരായ യുവാക്കൾ പറയുന്നു.