jaison-george

പിന്നീട് നായ ഉടമയെയും ഭാര്യയെയും കടിച്ച് പരിക്കേൽപ്പിച്ചു

തൊടുപുഴ: ജില്ലാ മൃഗാശുപത്രിയിൽ പേ വിഷ പ്രതിരോധ വാക്‌സിൻ എടുക്കാനെത്തിച്ച വളർത്തു നായ വെറ്ററിനറി ഡോക്ടറെയും ഉടമയെയും ഭാര്യയെയും കടിച്ചു. നായയുടെ കടിയിൽ സാരമായി പരിക്കേറ്റ ഉടമയും ഭാര്യയും ജില്ലാ ആശുപത്രിയിൽ ചികിൽസ തേടി. നായയുടെ ആക്രമണത്തിൽ വെറ്ററിനറി സർജൻ ഡോ. ജെയ്‌സൻ ജോർജിന്റെ കൈയ്ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയോടെ തൊടുപുഴ മങ്ങാട്ടുകവലയിലെ ജില്ലാ മൃഗാശുപത്രിയിലായിരുന്നു സംഭവം. തൊടുപുഴ സ്വദേശി യൂജിന്റെ ലാബ്രഡോർ ഇനത്തിൽപ്പെട്ട മൂന്നര വയസു പ്രായമുള്ള വളർത്തുനായാണ് വാക്‌സിനെടുക്കാനെത്തിച്ചപ്പോൾ അക്രമാസക്തമായത്.
ദിവസങ്ങളായി ഭക്ഷണം കഴിക്കാതിരിക്കുകയും ശരീരം വേച്ചു പോകുകയും ചെയ്യുന്നുവെന്നു പറഞ്ഞാണ് യൂജിൻ നായയെ ആശുപത്രിയിലെത്തിച്ചത്. നായ കടിക്കുമോയെന്ന് ഡോക്ടർ ചോദിച്ചപ്പോൾ ഇതു വരെ ആരെയും ഉപദ്രവിച്ചിട്ടില്ലെന്ന് അദ്ദേഹം മറുപടി നൽകി. നായയെ പരിശോധിക്കുന്നതിനിടെയാണ് ഡോക്ടർക്ക് കടിയേറ്റത്. ഉടൻ തന്നെ യൂജിൻ നായയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ ഇദ്ദേഹത്തെയും കടിച്ചു. പിന്നീട് നായയെ കൂട്ടിലടച്ചു വായ കെട്ടാൻ ശ്രമിക്കുന്നതിനിടെയും ഇദ്ദേഹത്തെ മാരകമായി കടിച്ചു പരിക്കേൽപ്പിച്ചു.
തുടർന്ന് യൂജിന്റെ ഭാര്യയെത്തി കൂട്ടിൽ നിന്നും പുറത്തിറക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവരെ കടിച്ചത്. യൂജിനെയും ഭാര്യയെയും ജില്ലാ ആശുപത്രിയിലെത്തിച്ച് പേവിഷ പ്രതിരോധ വാക്‌സിനും ഇമ്യൂണോഗ്ലോബിൻ സിറവും നൽകി. നായയ്ക്ക് ഇതുവരെ പേ വിഷ പ്രതിരോധ വാക്‌സിൻ എടുത്തിരുന്നില്ലെന്ന് വെറ്ററിനറി ആശുപത്രി അധികൃതർ പറഞ്ഞു. നായയെ പിന്നീട് കുത്തിവച്ച് മയക്കിയാണ് തിരികെ അയച്ചത്. വീട്ടിലെ പ്രത്യേക കൂട്ടിൽ പത്തു ദിവസം നിരീക്ഷണത്തിൽ പാർപ്പിക്കും