തൊടുപുഴ: തദ്ദേശസ്വയംഭരണ വകുപ്പിലെ വിവിധ സ്ഥാപനങ്ങൾ "സമ്പൂർണ്ണ ശുചിത്വം" നേടിയതിന്റെ പട്ടം കരസ്ഥമാക്കുമ്പോഴും നഗര - ഗ്രാമ വ്യത്യാസം ഇല്ലാതെ ഓടകളിൽ നിന്ന് അസഹ്യമായ ദുർഗന്ധം വമിക്കുന്നതിന് പരിഹാരമാകുന്നില്ല. മിക്കവാറും സ്ഥലങ്ങളിലെ ഓടകൾ വർഷങ്ങളായി വൃത്തിയാക്കാത്ത അവസ്ഥയുമാണ്.ദുർഗന്ധം വമിക്കുന്ന ചെളിയും മലിന ജലവും കെട്ടിക്കിടന്ന് കൊതുകും പകർച്ച വ്യാധികളും പടർന്ന് പന്തലിക്കുമ്പോഴും ഓടകളുടെ നവീകരണവും വൃത്തിയാക്കലും മിക്കവാറും സ്ഥലങ്ങളിൽ പൂർണ്ണമായും സ്തംഭിച്ചു.ഇത് സംബന്ധിച്ച് ഓരോ പ്രദേശങ്ങളിൽ നിന്നും വ്യാപകമായ പരാതികൾ ഉയരുമ്പോഴും പരിഹാരം കാണാനാകാതെ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ഇരുട്ടിൽത്തപ്പുന്ന അവസ്ഥയിലാണ്.
റോഡിന്റെ വശങ്ങളിലുള്ള ഓടകൾ ശുചീകരിക്കുന്ന കാര്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് പദ്ധതികൾ ആവിഷ്ക്കരിക്കാവുന്നതാണെന്ന് സംസ്ഥാന പ്ലാനിംഗ് ബോർഡിലേയും കിലയുടെയും ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.ഓടകളുടെ ശുചിത്വം ഉറപ്പാക്കുന്ന പദ്ധതികൾ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആവിഷ്ക്കരിച്ച് ജില്ലാ പ്ലാനിംഗ് കമ്മറ്റിയുടെ അംഗീകാരത്തോടെ നടപ്പിലാക്കാവുന്നതാണ്.തദ്ദേശ സ്ഥാപനങ്ങൾ,പൊതു മരാമത്ത് - ജലവിഭവം- വൈദ്യുതി എന്നിങ്ങനെ വകുപ്പുകളുടെ റോഡുകളാണ് പ്രധാനമായും ഇടുക്കി ജില്ലയിലുള്ളത്.ഈ റോഡുകളുടേയും അതിനോട് ചേർന്നുള്ള ഓടകളുടേയും ഉടമസ്ഥത അതാത് വകുപ്പുകൾക്കുമാണ്. ഇത്തരത്തിലുള്ള ഓടകൾ ശുചീകരിക്കുന്നതിനും മണ്ണ് നീക്കം ചെയ്ത് പരിപാലിക്കുന്നതിനും തദ്ദേശ സ്ഥാപന ഫണ്ട് ഉപയോഗിക്കാം.ആവശ്യമെങ്കിൽ അതാത് വകുപ്പികളിൽ നിന്നുള്ള അനുമതി പത്രം ലഭ്യമാക്കണം.എന്നാൽ പുതിയ ഓടകൾ സ്ഥാപിക്കൽ,നിലവിലുള്ള ഓടകളുടെ വിപുലീകരികരണം എന്നിവക്ക് തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിക്കാൻ കഴിയില്ല.
പരസ്പരം
കുറ്റപ്പെടുത്തൽ...
ഓടകൾ വൃത്തിയായി ശുചീക്കരിക്കുന്ന കാര്യത്തിൽ തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളും പൊതുമരാമത്ത് വകുപ്പും ശുചിത്വ മിഷനും പരസ്പരം കുറ്റപ്പെടുത്തുന്നതല്ലാതെ മിക്കവാറും സ്ഥലങ്ങളിൽ ശാശ്വതമായ പരിഹാരമാകുന്നില്ല.ഇതിന് വേണ്ടി ഓരോ സ്ഥാപനങ്ങളും ഒറ്റക്കും ഒരുമിച്ച് ചേർന്നും പദ്ധതികൾ ആവിഷ്ക്കരിക്കണം.ഓടകൾ കൃത്യമായി ശുചീകരിക്കാൻ ഗ്രാമ -ബ്ലോക്ക് - ജില്ലാ പഞ്ചായത്തുകൾക്ക് സംയുക്തമായും പദ്ധതികൾ ആവിഷ്ക്കരിക്കാവുന്നതാണ്.തദ്ദേശ സ്ഥാപന ഫണ്ട് ഉപയോഗിച്ച് ഓടകൾ ശുചീകരിക്കാനും ചെളിയും മണ്ണും നീക്കം ചെയ്യാനും തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിക്കുന്നതിന് തടസം ഇല്ല എന്ന് പൊതു മരാമത്ത് വകുപ്പ് അധികൃതരും പറയുന്നു.