തൊടുപുഴ: അനധികൃതമായി മണ്ണ് ഖനനം നടത്തിയതിനും നീക്കം ചെയ്തതിനും ഒരു ജെസിബിയും രണ്ട് ടിപ്പർ ലോറികളും റവന്യു അധികൃതർ പിടികൂടി. തൊടുപുഴ കോലാനിയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു നിന്നും മണ്ണ് അനധികൃതമായി നീക്കം ചെയ്യുന്നതിനിടെയാണ് വാഹനങ്ങൾ തൊടുപുഴ ഡപ്യൂട്ടി തഹസിൽദാർ സ്വപ്‌ന എസ്.നായരുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്.
ഇവിടെ നിന്ന് മണ്ണ് നീക്കാനുള്ള അനുമതി മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിൽ നിന്നും സ്ഥലമുടമ എടുത്തിരുന്നില്ലെന്നും പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും റവന്യു അധികൃതർ പറഞ്ഞു. വാഹനങ്ങൾ തൊടുപുഴ പോലീസിനു കൈമാറിയെന്നും തഹസിൽദാർക്ക് ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകിയെന്നും തൊടുപുഴ വില്ലേജ് ഓഫീസർ ഒ.കെ.അനിൽകുമാർ അറിയിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് 75000 രൂപ പിഴ ചുമത്തി.