
മൂന്നാർ: തൊഴിലുറപ്പ് പണിയുമായി ബന്ധപ്പെട്ട് ചെക്ക് ഡാം നിർമാണത്തിൽ ഏർപ്പെട്ടിരുന്ന വനിതാ തൊഴിലാളി പുലിയുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടു. പഴയമൂന്നാർ സ്വദേശിയായ ഷീല ഷാജി (47) ആണ് രക്ഷപെട്ടത്. ഒപ്പം പണിചെയ്യുകയായിരുന്ന മൂന്നു തൊഴിലാളികളും ഷീലയും കൂടി പണി ചെയ്യുന്നതിനിടയിൽ പുലിയുടെ മുന്നിൽപെടുകയായിരുന്നു. നിരവധി വീടുകളുള്ള പ്രദേശത്തു തന്നെയായിരുന്നു പുലിയുടെ ആക്രമണം. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവം. ചെക്ക് ഡാം നിർമിക്കാനുള്ള കല്ല് ശേഖരിക്കാൻ കാട്ടിനുള്ളിലേയ്ക്ക് പോയ സമയത്തായിരുന്നു ആക്രമണം. പുലിയുടെ മുന്നിൽ പെട്ടു പോയ തൊഴിലാളികൾ പിന്തിരിഞ്ഞ് ഓടുന്നതിനിടയിൽ അവസാനമുണ്ടായിരുന്ന ഷീലയുടെ പിന്നിൽ നിന്നും ആക്രമിക്കുകയായിരുന്നു. മുടിക്കുത്തിൽ പിടുത്തമിട്ടെങ്കിലും കുതറിയോടിയ ഷീല അലറി ഓടിയതോടെ പുലി പിന്തിരിഞ്ഞ് ഓടുകയായിരുന്നു. ഭയർന്നു തളർന്നു വീണ ഷീലയെ സഹപ്രവർത്തകർ ഉടൻ തന്നെ മൂന്നാറിലെ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു തലയ്ക്കു പരുക്കേറ്റിട്ടുണ്ട്. അഡ്വ. രാജാ എം.എൽ.എ ആശുപത്രിയിൽ എത്തി സന്ദർശിച്ചു.
പുലിയുടെ ആക്രമണം. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞു
മൂന്നാർ. തൊഴിലുറപ്പ് പണി ചെയ്യുകയായിരുന്ന വനിത തൊഴിലാളി പുലിയുടെ ആക്രമണത്തിന് ഇരയായ സംഭവത്തിനു പിന്നാലെ ആശുപത്രിയിലേക്ക് വരികയായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനം വഴിയിൽ തടഞ്ഞു. എ.ഐ.വൈ.എഫ് പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു വാഹനം തടഞ്ഞത്. പ്രവർത്തകർ കൂടി വാഹനത്തിന് ചുറ്റും നിന്ന് മുദ്യാവാക്യം വിളിച്ചതോടെയും പ്രതിഷേധം ശക്തമാക്കിയതോടെയും ഉദ്യോഗസ്ഥർ മടങ്ങി. മൂന്നാറിലെ ജി.എച്ച് റോഡിൽ പഴയ നല്ലതണ്ണി പാലത്തിനു സമീപമായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. വന്യജീവി ആക്രമണത്തിൽ നിന്നും ജനങ്ങളുടെ ജിവൻ രക്ഷിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. തുടർന്ന് എ.ഐ.വൈ.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ മൂന്നാർ ടൗണിലൂടെ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിനു ശേഷം മൂന്നാർ വെജിറ്റബിൽ മാർക്കറ്റിനു സമീപത്തുള്ള പ്രവേശനത്തിനു സമീപത്തുള്ള ടൗൺ റോഡ് പ്രവർത്തകർ ഉപരോധിച്ചു. സി.പി.ഐ മണ്ഡലം പ്രസിഡന്റ് ചന്ദ്രപാൽ മുതിർന്ന് നേതാവായ പി.പളനിവേൽ തുടങ്ങിയവർ സമരങ്ങൾക്ക് നേതൃത്വം നൽകി.