തൊടുപുഴ : മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളിൽ യുവാക്കളെ പങ്കാളികളാക്കുകയെന്ന ലക്ഷ്യത്തോടെ നടക്കുന്ന 'യൂത്ത്
ഗാർബേജ് ഇന്ത്യൻ ശുചിത്വ ലീഗ്' എന്ന പരിപാടി ഇന്ന് തൊടുപുഴ,കട്ടപ്പന മുനിസിപ്പാലിറ്റികളിൽ നടക്കും.സംസ്ഥാനത്തെ എഴുപതിലധികം നഗരസഭകളിൽ യൂത്ത് ടീം ലീഡർമാരുടെ നേതൃത്വത്തിലാണ് ടീമുകൾ മത്സരത്തിൽ പങ്കെടുക്കുന്നത്.

ബീച്ചുകൾ, മലയോരകേന്ദ്രങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളുടെ ശുചീകരണവും ബോധവൽക്കരണം ലക്ഷ്യമാക്കി പ്ലോഗിങ്, മനുഷ്യച്ചങ്ങല, കാൽനട റാലികൾ, ബൈക്ക്/സൈക്കിൾ റാലികൾ, ഫ്ളാഷ് മോബ് തുടങ്ങിയ പരിപാടികളുമാണ് ഇതിന്റെ ഭാഗമായി നടക്കുക.
കട്ടപ്പന നഗരസഭയിലെ കല്യാണത്തണ്ട് വിനോസഞ്ചാര കേന്ദ്രത്തിലേക്ക് യുവജന റാലിയും തുടർന്ന് ശുചീകരണ പ്രവർത്തനങ്ങളുമാണ് നടത്തുന്നത്. തൊടുപുഴയിൽ കോതായിക്കുന്ന് മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്നും യുവജന റാലി ആരംഭിച്ച് ഗാന്ധിസ്‌ക്വയറിലെത്തി പരിസര ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.

രണ്ടു നഗരസഭകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻ.എസ്. എസ്. , എൻ .സി .സി. ,എസ് .പി. സി. യൂണിറ്റുകളിലെ വോളണ്ടിയർമാർ , സ്‌പോർട്‌സ് ആന്റ് ആർട്‌സ് യുവജന ക്ലബുകളിലെ അംഗങ്ങൾ , മർച്ചന്റസ് അസോസിയേഷൻ യൂത്ത് വിംഗ് പ്രതിനിധികൾ ,സന്നദ്ധ സംഘടനകൾ , റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ , കലാ സാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവർ സംബന്ധിക്കുമെന്ന് ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ അറിയിച്ചു.