മുട്ടം: മലങ്കര ടൂറിസം ഹബ്ബിൽ അനധികൃതമായി കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാൻ രഹസ്യ നീക്കം .സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പദ്ധതികളിൽ സർക്കാരിന് നേരിട്ടോ,കുടുംബശ്രീ പോലുള്ള സ്ഥാപനങ്ങളിലൂടെയോ ക്വട്ടേഷൻ ക്ഷണിച്ചോ ആകണം സംരംഭങ്ങൾ ആരംഭിക്കേണ്ടത് എന്നാണ് നിയമ വ്യവസ്ഥ.എന്നാൽ ഇത്തരം നിയമ വ്യവസ്ഥകളെ നോക്കു കുത്തിയാക്കി ചില സ്വകാര്യ വ്യക്തികൾക്ക് കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാൻ അനുമതി നൽകാനുള്ള ശ്രമത്തിലാണ് മലങ്കര ഹബ്ബ് അധികൃതർ. സൊസൈറ്റിയുടേയും സംഘങ്ങളുടേയും നടത്തിപ്പുകാർ എന്ന് അവകാശപ്പെട്ടാണ് സ്വകാര്യ വ്യക്തികൾ കച്ചവട സ്ഥാപനങ്ങൾക്ക് വേണ്ടി ഹബ്ബ് അധികൃതരെ സമീപിച്ചിരിക്കുന്നത്.ഹബ്ബിൽ കച്ചവട സ്ഥാപനങ്ങൾ ആരംഭിക്കുക എന്ന ഗൂഢ ലക്ഷ്യത്തോടെ മാത്രം തൊടുപുഴ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ അടുത്ത നാളിൽ ചിലർ സൊസൈറ്റിയും സംഘങ്ങളും രൂപീകരിച്ച് രജിസ്റ്റർ ചെയ്തതായും പറയപ്പെടുന്നു.ഇവരും കച്ചവട സ്ഥാപനങ്ങൾ നടത്തുന്നതിന് വേണ്ടി ഹബ്ബ് അധികൃതകരെ സമീപിച്ചതായും വിവരങ്ങൾ പുറത്ത് വരുന്നുണ്ട്. തുടർച്ചയായി മൂന്ന് വർഷത്തെ പ്രവർത്തന റിപ്പോർട്ടും കണക്കും രജിസ്ട്രേഷൻ വകുപ്പിൽ സമർപ്പിച്ച് സർട്ടിഫിക്കറ്റ് ലഭിക്കുന്ന സൊസൈറ്റികൾക്കും സംഘങ്ങൾക്കും മാത്രമേ സർക്കാർ തലത്തിലുള്ള ഇത്തരത്തിലുള്ള പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കാൻ കഴിയൂ എന്നുള്ള വ്യവസ്ഥകളും ഇവിടെ അട്ടിമറിക്കപ്പെടുകയാണ്.ഹബ്ബിൽ സംരംഭം ആരംഭിക്കാൻ കുടുംബശ്രീ പ്രവർത്തകരും,ഭിന്ന ശേഷി വിഭാഗക്കാരും ഹബ്ബ് അധികൃതകരെ സമീപിച്ചെങ്കിലും ഇവരേയും പരിഗണിച്ചില്ല എന്ന് പറയുന്നു.ഭരണ കക്ഷിയോട് ആഭിമുഖ്യമുള്ള തൊടുപുഴയിലുള്ള സംഘടന കച്ചവട സംരംഭം തുടങ്ങാൻ ഹബ്ബ് അധികൃതർക്ക് അപേക്ഷ നൽകിയിട്ടുണ്ട്.കൂടാതെ മുട്ടം, കരിങ്കുന്നം പ്രദേശങ്ങളിലായി അടുത്ത നാളിൽ രൂപീകരിച്ച സൊസൈറ്റികൾ മിൽമ ബൂത്ത്‌ പ്രവർത്തിപ്പിക്കാനും ശ്രമം നടത്തുന്നുണ്ട്.മലങ്കര ടൂറിസം ഹബ്ബിൽ മിൽമയുടെ ബൂത്ത് പ്രവർത്തിപ്പിക്കാൻ തൊടുപുഴക്ക് സമീപത്തുള്ള ഒരു സൊസൈറ്റിയുടെ പ്രസിഡന്റ് സമീപിച്ചിരുന്നു എന്ന് മിൽമ എറണാകുളം മേഖല ചെയർമാനും എം ഡിയും പറഞ്ഞു. എന്നാൽ സൊസൈറ്റിക്ക് ബൂത്ത് അനുവദിച്ചത് സംബന്ധിച്ച് പരാതി ലഭിച്ചാൽ പുനപരിശോധിക്കുമെന്നും ഇരുവരും പറഞ്ഞു.