കരിമണ്ണൂർ: മയക്കുമരുന്ന് ഉപയോഗത്തിനും വ്യാപനത്തിനുമെതിരെ മനുഷ്യമനസാക്ഷിയെ ഉണർത്തുന്നതിനും ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ യോദ്ധാവായി മാറുന്നതിനു ആഹ്വാനം ചെയ്തും കരിമണ്ണൂർ ജനമൈത്രി പൊലീസിന്റെ ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി നാളെ വടം വലി മൽസരം നടത്തും. ഉച്ചകഴിഞ്ഞ് മൂന്നിന് കരിമണ്ണൂർ ടൗണിൽ നടക്കുന്ന മൽസരം ജില്ലാ പൊലീസ് മേധാവി വി. യു. കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികൾ, സാമൂഹികസാംസ്‌കാരിക പ്രവർത്തകർ എന്നിവർ പങ്കെടുക്കും. പൊലീസ്, എക്‌സൈസ്, വനംവകുപ്പ്, ഇടുക്കി പ്രസ് ക്ലബ്, മർച്ചന്റ്‌സ് അസോസിയേഷൻ, ടാക്‌സി ഡ്രൈവേഴ്‌സ്, കുടുംബശ്രീ, കരാട്ടെസ്‌കൂൾ തുടങ്ങി 16 ടീമുകൾ മൽസരത്തിൽ മാറ്റുരയ്ക്കും. ഒന്നാം സമ്മാനം നേടുന്നവർക്ക് 5001 രൂപയും ട്രോഫിയും രണ്ടാം സ്ഥാനം നേടുന്നവർക്ക് 3001 രൂപയും ട്രോഫിയും മൂന്നാം സ്ഥാനക്കാർക്ക് 2001 രൂപയും ട്രോഫിയും നൽകും. വനിതകൾക്കുള്ള വടംവലി മൽസരത്തിൽ യഥാക്രമം 3001, 2001 രൂപ കാഷ് അവാർഡും ട്രോഫിയുമാണ് നൽകുന്നത്.