തൊടുപുഴ : റോഡ് നിർമ്മാണം അറ്റകുറ്റപണികൾ എന്നിവയുമായി ബന്ധപ്പെട്ട് നടക്കുന്ന ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി വിജിലൻസിന്റെ 'ഓപ്പറേഷൻ സരൾ രാസ്ത' പരിശോധന ഇടുക്കിയിൽ നടത്തി. പൊതുമരാമത്ത് വകുപ്പ് റോഡു വിഭാഗം, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ എഞ്ചിനിയറിംഗ് വിഭാഗം എന്നിവടങ്ങളിലെ ഉദ്യോഗസ്ഥർ കരാറുകാരുമായി ചേർന്ന് നടത്തുന്ന അഴിമതികൾ കണ്ടെത്തുന്നതിനായിരുന്നു വിജിലൻസിന്റെ മിന്നൽ പരിശോധന. ഇടുക്കിയിൽ പരിശോധന നടത്തിയ നാല് റോഡുകളിലും ക്രമക്കേട് കണ്ടെത്തിയതായി വിജിലൻസ് അധികൃതർ പറഞ്ഞു. റീ ടാർ ചെയ്ത് ആറ് മാസം തികയും മുൻപേ തകർന്ന റോഡുകളിലാണ് വിജിലൻസ് പരിശോധന നടത്തിയത്.
തൊടുപുഴ- ഇടവെട്ടി തെക്കുംഭാഗം പൊതുമരാമത്ത് റോഡ്, തൊടുപുഴ നഗരസഭയുടെ മങ്ങാട്ടുകവല ബസ് സ്റ്റാൻഡ്, കുമ്മംകല്ല് -ഉണ്ടപ്ലാവ് നഗരസഭ റോഡ്, രാജകുമാരി പഞ്ചായത്തിലെ കുളപ്പാറച്ചാൽ -ഇല്ലിപ്പാലം എന്നീ റോഡുകളിലാണ് പരിശോധന നടത്തിയത്. ഇവ എല്ലാം തന്നെ റീ ടാർ ചെയ്ത് അധികം വൈകാതെ തന്നെ തകർന്നവയാണ്. ഇത് സംബന്ധിച്ച് പൊതുജനങ്ങളും ജനപ്രതിനിധികളും പരാതികൾ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് നടത്തിയ പരിശോധനയുടെ ഭാഗമായി റോഡിൽ നിന്നും ശേഖരിച്ച ടാർ, കല്ല് ഉൾപ്പെടെയുള്ളവ ശാസ്ത്രീയ പരിശോധനക്ക് തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചു. ഇതോടൊപ്പം ഈ റോഡുകൾ ടാർ ചെയ്യാനുള്ള പണികളുടെ എസ്റ്റിമേറ്റ് ഉൾപ്പെടെയുള്ള രേഖകളും ഉദ്യോഗസ്ഥർ പരിശോധിച്ചു. വിവിധ ഭാഗങ്ങളിൽ നടന്ന പരിശോധനയ്ക്ക് ഇൻസ്‌പെക്ടർമാരായ എ.ഫിറോസ്, ടിപ്‌സൻ തോമസ്, സി.വിനോദ്, മഹേഷ് പിള്ള എന്നിവർ നേതൃത്വം നൽകി.