നെടുങ്കണ്ടം :തൂക്കുപാലത്ത് തെരുവ് നായയെ വെട്ടിപ്പരുക്കേൽപ്പിച്ച നിലയിൽ കണ്ടെത്തി. തൂക്കുപാലം ടൗണിന്റെ കാവൽക്കാരനായി അറിയപ്പെടുന്ന തെരുവ് നായക്ക് വെട്ടേറ്റത് നാട്ടുകാരെ സങ്കടത്തിലാക്കി. ടൗണിലെ വ്യാപാരികളും ഡ്രൈവർമാരുമടക്കം ഭക്ഷണം നൽകി വളർത്തിയ നായക്കാണ് വെട്ടേറ്റത്. ടൗണിൽ എപ്പോഴും ശാന്ത സ്വാഭാവത്തിൽ നടന്നിരുന്ന തെരുവ് നായയോടു നാട്ടുകാർക്കും വലിയ തൽപര്യമായിരുന്നു. വയർ ഭാഗത്ത് വെട്ടേറ്റ് ഒരു ഭാഗം അറ്റുപോയ നിലയിലാണ് . പരുക്കേറ്റ തെരുവ് നായ എന്നും ഭക്ഷണം നൽകുന്ന ചന്ദ്ര രാജേഷിന്റെ വീട്ടിൽ ഇന്നലെ രാവിലെ എത്തിയിരുന്നു. ഭക്ഷണം നൽകിയെങ്കിലും നായ സ്ഥലത്ത് നിന്നും പോയി. രാജേഷിന്റെ നേതൃത്വത്തിൽ നായയെ തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സമീപകാലത്തായി ടൗണിൽ നിരവധി തെരുവ് നായകളുടെ കാൽപ്പാദം വെട്ടിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പരുക്കേറ്റ നായകൾ ആക്രമണം നടത്തുന്നതും നിത്യസംഭവമാണ്.