ഇടുക്കി: ജില്ലയിലെ ജലജീവൻ മിഷൻ പ്രവർത്തനങ്ങൾ ജാഗ്രതയോടെ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ജലവിഭവ വകുപ്പ് സെക്രട്ടറി പ്രണബ്‌ജ്യോതി നാഥിന്റെയും സാന്നിദ്ധ്യത്തിൽ പദ്ധതി പ്രവർത്തനങ്ങളുടെ പുരോഗതി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അവലോകനം ചെയ്യുകയായിരുന്നു മന്ത്രി. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഡെപ്യൂട്ടി കളക്ടറെ ചുമതലപ്പെടുത്തണം. ജില്ലയിലെ ലാൻഡ് സർവേ അവസാന ഘട്ടത്തിലാണ്. ഇടമലക്കുടിയിൽ മാത്രം ഇതിനായി സ്‌പെഷ്യൽ സർവേ നടത്തണം. ടെണ്ടർ നടപടികൾ സെപ്തംബർ 25 ന് പൂർത്തീകരിക്കണം. 14.40 ഏക്കർ സർക്കാർ ഭൂമിയും 6.22 ഏക്കർ സ്വകാര്യ ഭൂമിയുമാണ് പദ്ധതിയ്ക്ക് വേണ്ടത്. ഇതിൽ 33.51ശതമാനം സർക്കാർ ഭൂമിയും 16.56 ശതമാനം സ്വകാര്യഭൂമിയുടെയും ലഭ്യത ഉറപ്പായിട്ടുണ്ട്. ഓരോ പ്രദേശത്തെയും നിലവിലെ പുരോഗതി ഉദ്യോഗസ്ഥർ യോഗത്തിൽ വിശദീകരിച്ചു. കേന്ദ്രസംസ്ഥാന സർക്കാർ പങ്കാളിത്തത്തിൽ ജലജീവൻ മിഷന്റെ ഭാഗമായി 2024-25 ഓടെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിൽ 2.80 ലക്ഷം വാട്ടർ കണക്ഷനുകൾ നൽകാനാണ് ലക്ഷ്യമിടുന്നത്. യോഗത്തിൽ ജലവിഭവ വകുപ്പ് മാനേജിങ് ഡയറക്ടർ വെങ്കിടേശപതി എസ്, ജില്ലാ കളക്ടർ ഷീബ ജോർജ്, ഡെപ്യൂട്ടി കളക്ടർ എൽ. ആർ. കെ.മനോജ്, വാട്ടർ അതോറിട്ടി ജലജീവൻ മിഷൻ, ഭൂജല വകുപ്പ്, പി.ഡബ്ല്യു.ഡി, ജലനിധി, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.