കുമളി: പ്രളയങ്ങളും മഹാവ്യാധിയും തീർത്ത പ്രതിസന്ധികളിൽ നിന്ന് സാവധാനം മുക്തമാകുന്ന തേക്കടിയ്ക്ക് ഉണർവേകി പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന കവിതാ ശില്പശാല 30ന് ആരംഭിക്കും. കേരളാ സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ നടക്കുന്ന ക്യാമ്പിന് 'പിറപ്പ്' എന്നാണ് പേരിട്ടിരിക്കുന്നത്. ശില്പശാലയുടെ ഉദ്ഘാടനം 30ന് വൈകിട്ട് നാലിന് കുമളി പഞ്ചായത്ത് പൊതുവേദിയിൽ നടക്കുന്ന സാംസ്‌കാരിക സംഗമത്തിൽ പ്രശസ്ത കവിയും സാഹിത്യ അക്കാദമി അദ്ധ്യക്ഷനുമായ സച്ചിദാനന്ദൻ നിർവ്വഹിക്കും. ഉദ്ഘാടന സമ്മേളനത്തിൽ പുരോഗമന സാഹിത്യ സംഘം ജനറൽ സെക്രട്ടറി അശോകൻ ചെരുവിൽ, സംവിധായകൻ പ്രിയനന്ദൻ, ഗാനരചയിതാവ് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, കവികളായ രാവുണ്ണി, സെബാസ്റ്റ്യൻ, സ്വാഗതസംഘം ചെയർമാൻ ആർ. തിലകൻ, കെ. ജയചന്ദ്രൻ, സുഗതൻ കരുവാറ്റ, മോബിൻ മോഹൻ എന്നിവർ പങ്കെടുക്കും. നാല് ദിവസം നീണ്ടു നിൽക്കുന്ന ശില്പശാലയിൽ 14 ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട അമ്പത് യുവകവികൾ പങ്കെടുക്കും. സുനിൽ പി. ഇളയിടം, കെ.ഇ.എൻ കുഞ്ഞഹമ്മദ്, വിജയലക്ഷ്മി, ആലങ്കോട് ലീലാകൃഷ്ണൻ, കെ.പി. മോഹനൻ, എം.കെ. മനോഹരൻ, ടി.അർ. അജയൻ, കരിവെള്ളൂർ മുരളി, ഇ.പി. രാജഗോപാലൻ, വി.എസ്. ബിന്ദു, വിജയരാജമല്ലിക, വിനോദ് വൈശാഖി, ബഷീർ ചുങ്കത്തറ, ശ്രീജിത്ത് അരിയല്ലൂർ, അശോകൻ മറയൂർ, സുകുമാരൻ ചാലിഗദ്ധ, ഡി. അനിൽകുമാർ, കാഞ്ചിയാർ രാജൻ, കെ.ആർ. രാമചന്ദ്രൻ, ജോസ് വെട്ടിക്കുഴ തുടങ്ങിയവർ വിവിധ സെഷനുകളിലായി പങ്കെടുക്കും. ശില്പശാലയോടനുബന്ധിച്ച് ഇടുക്കിയിലെ എഴുത്തുകാരുടെ പുസ്തകങ്ങളുടെ പ്രദർശനം, കെ.എ. അബ്ദുൾ റസാഖ് വരച്ച ചിത്രങ്ങളുടെ പ്രദർശനം, കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ഒക്ടോബർ മൂന്നിന് ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സമാപന സമ്മേളനം എം.എം. മണി എം.എൽ.എ ഉദ്ഘാടനം ചെയ്യും.