
അടിമാലി: നേര്യമംഗലം വനമേഖലയിലെ വാളറ കുളമാൻകുഴിയിൽ വന ഭൂമിയിൽ നിന്ന് മരങ്ങൾ മുറിച്ച് കടത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വനപാലകർ കസ്റ്റഡിയിലെടുത്ത 5 പേരെ റിമാൻഡ് ചെയ്തു.
കുളമാൻ കുഴി വനവാസി സെറ്റിൽമെന്റിൽ നിന്നുള്ള ഗോപി ജോബൈൻ(49), കർണൻ (27), സുധൻ(53), വാളറ സ്വദേശി ക്ലീറ്റസ് മാത്യു(59), പത്താംമൈൽ സ്വദേശി ലിജോ ജോസ്(34) എന്നിവരാണ് റിമാൻഡിലായത്.
വനാവകാശ നിയമ പ്രകാരം ഗോപിക്ക് നൽകിയ ഭൂമിയിൽ നിന്ന് കഴിഞ്ഞ രണ്ടര വർഷത്തിനുള്ളിൽ 4 ലക്ഷത്തിലേറെ വില വരുന്ന 20 മരങ്ങൾ മുറച്ച് കടത്തിയതായാണ് കേസ്. അടുത്ത നാളിൽ നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസറായി നിയമിതനായ എസ്.എൽ. സുനിൽ ലാലും സംഘവുമാണ് കേസ് കണ്ടെത്തിയത്. പൂവം, വെള്ളകിൽ, ചുവന്നകിൽ തുടങ്ങിയ മരങ്ങളാണ് മുറിച്ചു കടത്തിയത്. തുടർന്നുള്ള അന്വേഷണത്തിൽ 3 പേരെ ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 5 പേർ അറസ്റ്റിലായത്. മരങ്ങൾ കടത്താൻ ശ്രമിച്ച 3 ഓട്ടോറിക്ഷ, ഒരു കാർ എന്നിവയും പ്രതികളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കേസിലെ മറ്റ് പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയതായി റേഞ്ച് ഓഫീസർ പറഞ്ഞു.