 
പീരുമേട്: ദേശീയ പാതയിൽ റിസോർട്ട് ഉടമ സ്ഥലം കൈയേറി വേലി വച്ചത് ഉടമ തന്നെ ജോലിക്കാരെ വച്ച് പൊളിച്ചു. കേരളകൗമുദി വാർത്തയെ തുടർന്ന് അധികൃതർ ഇടപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ദേശീയപാത 183ൽ കല്ലാർ കവലയ്ക്ക് സമീപം മത്തായികൊക്ക ഭാഗത്ത് 100 മീറ്റർ നീളത്തിലും നാലടി വീതിയിലുമാണ് ദേശീയപാതയിൽ റോഡിന്റെ സൈഡ് ഭിത്തിയുടെയും വൈദ്യുതി പോസ്റ്റിനും പുറത്ത് വച്ച് വേലി കെട്ടി തിരിച്ച് കൈവശപ്പെടുത്തിയത്. സ്ഥലം തങ്ങളുടേതെന്ന് സ്ഥാപിച്ചെടുക്കുന്നതിനായി കൈയേറിയ സ്ഥലത്തിന് പുറത്ത് റിസോർട്ടിന്റെ ബോർഡും സ്ഥാപിച്ചിരുന്നു. ഇതുസംബന്ധിച്ച് 16ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്തയെ തുടർന്ന് വാർഡ് മെമ്പറും നാട്ടുകാരും കൈയേറ്റം പൊളിച്ച് നീക്കം ചെയ്യാനിരിക്കയാണ് റിസോർട്ട് ഉടമ തന്നെ വേലി പൊളിച്ചു മാറ്റിയത്. പുതിയ വേലി സൈഡ് ഭിത്തിയോട് ചേർത്ത് വച്ച് കെട്ടിയിട്ടുമുണ്ട്. ദേശീയ പാതയിലെ കൈയേറ്റത്തിനെതിരെ കഴിഞ്ഞ ആഴ്ചയിൽ പീരുമേട് താലൂക്ക് സഭ ചേർന്ന് കൈയേറ്റക്കാരുടെ ലിസ്റ്റ് തയ്യാറാക്കാൻ തീരുമാനിച്ചിരുന്നു. അപ്പോഴാണ് പുതിയ കൈയേറ്റം ഉണ്ടായത്.