 
തൊടുപുഴ: കുമാരമംഗലം ദി വില്ലേജ് ഇന്റർനാഷണൽ സ്‌കൂളിൽ ഇനിമുതൽ നാടകവും സ്‌കൂൾ സിലബസിന്റെ ഭാഗമാകും. കലാനിലയം കൃഷ്ണൻനായർ ഫൗണ്ടേഷന്റെ ഭാഗമായുള്ള നാടക കളരിയാണ് ഈ കോഴ്‌സിന് നേതൃത്വം നൽകുക. കുട്ടികളിലെ കലാപരമായ വാസനകൾ വളർത്തിയെടുക്കുക, പഠന ഇടവേളകൾ ആനന്ദകരമാക്കുക, മാനസിക സംഘർഷം കുറയ്ക്കുക എന്നതും ഈ പഠനത്തിന്റെ പ്രധാന ലക്ഷ്യങ്ങളാണ്. 2022 നാഷണൽ എഡ്യൂക്കേഷൻ പോളിസിയുടെ ഭാഗമായി രൂപകൽപ്പന ചെയ്ത ഈ പാഠ്യപദ്ധതി കുട്ടികളുടെ മാനസികവും വിദ്യാഭ്യാസപരവുമായ ആശയങ്ങളെ കൂടുതൽ വളർത്താൻ പര്യാപ്തമാണ്. നാടക പഠനത്തിലൂടെ അഭിനയം, പാട്ട്, നൃത്തം, കഥ, തിരക്കഥ, സംവിധാനം, കലാസംവിധാനം എന്നു തുടങ്ങി നാടകത്തെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും സമഗ്രമായി കുട്ടികളെ പഠിപ്പിക്കും. കുട്ടികൾക്ക് ഏതു മേഖലയിലാണോ താത്പര്യം ആ കലാമേഖലകളിലേക്ക് കുട്ടികളെ നയിച്ച് കലാവാസനകൾ വളർത്തുകയാണ് ഈ പാഠ്യപദ്ധതിയിലൂടെ. ദൃശ്യമാധ്യമ രംഗത്തെ നിറസാന്നിധ്യമായ എഴുത്തുകാരനും നടനുമായ കൃഷ് വേണുഗോപാൽ, കലാനിലയം ഗായത്രി പത്മനാഭൻ എന്നിവർ സ്‌കൂൾ വിദ്യാർഥികൾക്കായി നാടക കളരി സംഘടിപ്പിച്ചു. നാലാം തരം മുതൽ എട്ടാംതരം വരെയുള്ള വിദ്യാർത്ഥികൾക്കാണ് പാഠ്യപദ്ധതി രൂപകല്പന ചെയ്തിട്ടുള്ളത്. സ്‌കൂൾ പ്രിൻസിപ്പൽ സക്കറിയാസ് ജേക്കബ്, മാനേജിങ് ഡയറക്ടർ ആർ.കെ. ദാസ്, ഡയറക്ടർ സുധ ദാസ് എന്നിവർ പരിപാടിയുടെ ഭാഗമായിരുന്നു.