 താത്ക്കാലിക ഷെൽട്ടറുകൾക്ക് അടിയന്തരമായി സ്ഥാപിക്കും

ഇടുക്കി: ജില്ലയിൽ നിലവിൽ 18000 ത്തോളം തെരുവുനായകളുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ്. 2019 ൽ 7375 തെരുവ് നായകൾ ഉണ്ടായത് മൂന്നിരട്ടിയോളമായാണ് വർദ്ധിച്ചത്. 27 പഞ്ചായത്തുകളിൽ മുന്നൂറിലധികം തെരുവുനായകളുണ്ട്. ഒരു പെൺപട്ടിയിലൂടെ മൂന്ന് വർഷം കൊണ്ട് മൂന്നൂറോളം കുഞ്ഞുങ്ങൾ വരെ ഉണ്ടായി പെറ്റു പെരുകാമെന്നും മൃഗ സംരക്ഷണ വകുപ്പ് വിദഗ്ദ്ധർ വ്യക്തമാക്കി. നായകളുടെ വാക്‌സിനേഷന് നിലവിൽ 11,000 ഡോസ് വാക്‌സിൻ ജില്ലയിലുണ്ടെന്നും കൂടുതൽ വാക്‌സിനുകൾ ഉടൻ എത്തുമെന്നും മൃഗസംരക്ഷണ ഓഫീസർ പറഞ്ഞു. ജില്ലയിൽ 20 മുതൽ ഒക്ടോബർ വരെ തെരുവു നായ്ക്കളുടെ തീവ്ര വാക്‌സിനേഷൻ ഡ്രൈവും തുടർന്ന് വളർത്തുനായ്ക്കുളുടെ ലൈസൻസിങും നടത്തുമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ് അറിയിച്ചു. തെരുവ് നായ് ശല്യം നിയന്ത്രിക്കുന്നതിന് വിളിച്ചു ചേർത്ത തദ്ദേശ ഭരണ അധികൃതരുടേയും ജില്ലാ തല നിർവ്വഹണ ഉദ്യോഗസ്ഥരുടേയും ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. എല്ലാ പഞ്ചായത്തുകളിലും താൽക്കാലിക അഭയകേന്ദ്രങ്ങൾ അടിയന്തരമായി സ്ഥാപിക്കുന്നതിന് പ്രഥമപരിഗണന നൽകും. എ.ബി.സി സെന്ററുകൾ പൂർണമായി പ്രവർത്തന സജ്ജമാകാൻ 6 മുതൽ എട്ട് മാസം വരെ ആവശ്യമായി വരുന്നതുകൊണ്ടാണിത്. എല്ലാ പഞ്ചായത്തുകളിലും നിർമിക്കുവാനുദ്ദേശിക്കുന്ന 1000 ചതുരശ്ര അടിയുള്ള താൽകാലിക അഭയകേന്ദ്രങ്ങൾക്ക് 225 ലക്ഷം രൂപ ചെലവ് വരും. അടുക്കളയും സ്റ്റോർറൂമും അടങ്ങിയ ഇത്തരം താൽക്കാലിക കേന്ദ്രങ്ങളിൽ ഒരേസമയം 166 നായകളെ പാർപ്പിക്കാനാവും. പൊതുജനങ്ങളെക്കൂടി ഉൾപ്പെടുത്തി രൂപീകരിക്കുന്ന ഷെൽട്ടർ മാനേജ്‌മെന്റ് കമ്മറ്റിക്കായിരിക്കും അഭയകേന്ദ്രങ്ങളുടെ ചുമതല. ജില്ലയിൽ എ.ബി.സി. സെന്ററുകൾ പ്രവർത്തനസജ്ജമാകുന്നത് വരെയാണ് താൽക്കാലിക അഭയകേന്ദ്രങ്ങൾ പ്രവർത്തിക്കുക. മുട്ടംകക്കൊമ്പ് വ്യവസായ എസ്റ്റേറ്റ്, നെടുങ്കണ്ടം വ്യവസായ എസ്റ്റേറ്റ്, മുതുവാൻകുടി വ്യവസായ എസ്റ്റേറ്റ്, ഉപ്പുതറ കെചപ്പാത്ത് വ്യവസായ എസ്റ്റേറ്റ് എന്നിവിടങ്ങളിൽ ആധുനിക സൗകര്യങ്ങളോടെ എ.ബി.സി (ആനിമൽ ബർത്ത് കൺട്രോൾ) സെന്ററുകൾ സ്ഥാപിക്കുന്നതിനും തീരുമാനിച്ചു. എ.ബി.സി സെന്റുകളുടെ നിർമാണത്തിന് ഗ്രാമ പഞ്ചായത്തുകളിൽ നിന്ന് അഞ്ചു ലക്ഷം വീതവും, ബ്ലോക്ക്, മുൻസിപ്പാലിറ്റികളിൽ നിന്ന് 10 ലക്ഷം വീതവും സമാഹരിക്കും. ജില്ലയിലെ നാല് എ.ബി.സി സെന്ററുകളുടെ നിർമാണത്തിന് 3.20 കോടി ചെലവ് വരും. എ.ബി.സി സെന്ററുകളിൽ ഒരു നായയെ വന്ധ്യംകരിക്കുന്നതിന് 1500 രൂപയാണ് ചെലവ്. നായയെ പിടികൂടി സെന്ററിലെത്തിച്ച് ഒരു ദിവസം നിരീക്ഷിച്ച ശേഷം വന്ധ്യംകരിക്കും. തുടർന്ന് 45 ദിവസം നിരീക്ഷണത്തിൽ വെച്ച ശേഷമാണ് അവയെ പിടിച്ച സ്ഥലത്ത് തുറന്നു വിടുക.