kalyanathandu

ഇടുക്കി: ശുചിത്വ മിഷനും സ്വച്ഛ് ഭാരത് മിഷനും ചേർന്ന് മാലിന്യമുക്ത നഗരങ്ങൾക്കായുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനു വേണ്ടി നടപ്പിലാക്കുന്ന സ്വച്ഛ് അമൃത് മഹോത്സവിന്റെ കട്ടപ്പന നഗരസഭാതല ഉദ്ഘാടനം കല്യാണത്തണ്ട് മലമുകളിൽ ആരംഭിച്ചു. നഗരസഭ അദ്ധ്യക്ഷ ഷൈനി സണ്ണി ചെറിയാൻ ഉദ്ഘാടനം നിർവഹിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും വിവിധ സംഘടനകളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി മാലിന്യ മുക്ത ബീച്ച്, മലയോര കേന്ദ്രങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്ന ലക്ഷ്യത്തോടെയാണ് സ്വച്ഛ് അമൃത് മഹോത്സവ് നടപ്പിലാക്കുന്നത്. കട്ടപ്പന നഗരസഭയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ സ്വച്ഛ് അമൃത് മഹോത്സവത്തിന്റെ ഭാഗമായി നഗരസഭ അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ, എ.ഡി.എസ്, സി.ഡി.എസ്. പ്രതിനിധികൾ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ, സ്‌കൗട്ട് ആൻഡ് ഗൈഡ്, എൻ.സി.സി, എൻ.എസ്.എസ് എന്നിവരെ ഉൾപ്പെടുത്തി കട്ടപ്പന ബ്ലാസ്റ്റേഴ്‌സ് ക്ലബ് രൂപീകരിച്ചിട്ടുണ്ട്. ക്ലബിന്റെ നേതൃത്വത്തിൽ ബോധവത്കരണ റാലിയോടെയാണ് പരിപാടിയ്ക്ക് തുടക്കം കുറിച്ചത്. ഫ്ളാഷ് മോബും നിശ്ചല ദൃശ്യവും പരിപാടിയുടെ ഭാഗമായി നടത്തി. കല്യാണത്തണ്ട് മലമുകളിലെ മാലിന്യങ്ങൾ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ ശേഖരിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഏലിയാമ്മ കുര്യാക്കോസ്, നഗരസഭാ അംഗങ്ങളായ സിജു ചക്കുമൂട്ടിൽ, ഐബി മോൾ, പ്രശാന്ത് രാജു, ബെന്നി കുര്യൻ, നഗരസഭ സൂപ്രണ്ട് ഗിരിജ, ഹെൽത്ത് ഇൻസ്‌പെക്ടർ അജിത്കുമാർ തുടങ്ങിയവർ പങ്കെടുത്തു.