 
ഇടുക്കി : സംസ്ഥാന സർക്കാരിന്റെ 'ഒരു വർഷം, ഒരു ലക്ഷം സംരംഭം' പദ്ധതിയുടെ ഭാഗമായി ഉടുമ്പൻചോല ഗ്രാമ പഞ്ചായത്തിന്റെയും ഉടുമ്പൻചോല താലൂക്ക് വ്യവസായ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകത്വ ലോൺ ലൈസൻസ് സബ്‌സിഡി മേള സംഘടിപ്പിച്ചു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തിയ മേള പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. സജികുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന ബിജു അദ്ധ്യക്ഷത വഹിച്ചു.
ഒൻപത് സംരംഭങ്ങൾക്കായി 32.5 ലക്ഷം രൂപയുടെ ബാങ്ക് ലോൺ അനുമതി കത്തുകളും എട്ട് ഉദ്യം രജിസ്‌ട്രേഷനുകളും മൂന്ന് പഞ്ചായത്ത് ലൈസൻസുകളും മേളയിൽ കൈമാറി. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നവരിൽ നിന്നും ലോൺ അപേക്ഷകളും സ്വീകരിച്ചു. മൊത്തം രണ്ട് കോടി രൂപയുടെ സംരംഭക പ്രാരംഭ നടപടികൾ ആരംഭിച്ചു. വ്യവസായ വകുപ്പിന്റെ വിവിധ പദ്ധതികളെക്കുറിച്ചും സംരംഭം തുടുങ്ങുന്നതിന് ആവശ്യമായ ലൈസൻസുകൾ, വ്യവസായ ലോണുകൾ, സർക്കാർ സബ്‌സിഡികൾ, എങ്ങനെയെല്ലാം അപേക്ഷ നൽകണം എന്നിവയെക്കുറിച്ചും വ്യവസായ വികസന ഓഫീസർ ജിബിൻ കെ. ജോൺ വിശദീകരിച്ചു.
പഞ്ചായത്ത് അംഗങ്ങളായ പി. കെ പെരുമാൾ, പി.ഡി ജോർജ്, വ്യവസായ വകുപ്പ് പ്രതിനിധി അരുൺ കുമാർ, ബാങ്ക് ജീവനക്കാർ എന്നിവർ മേളയിൽ പങ്കെടുത്തു.