roshy
ജില്ലാതല ക്ഷീര സംഗമത്തിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കുന്നു

ഇടുക്കി : ക്ഷീര വികസന വകുപ്പിന്റെയും ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെയും ഇടുക്കി ക്ഷീര വികസന യൂണിറ്റിന് കീഴിലുള്ള ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ക്ഷീര സംഗമമന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

ക്ഷീര മേഖലയ്ക്കായി പ്രത്യേക ഫണ്ട് വകയിരുത്തിയ ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളെ ചടങ്ങിൽ ആദരിച്ചു. ഇടുക്കി ബ്ലോക്കിൽ ഏറ്റവും അധികം പാൽ അളന്ന ക്ഷീരകർഷകൻ സേവ്യർ ചാക്കോ, മികച്ച ക്ഷീര കർഷക ഷൈനി സോയി, മികച്ച പട്ടിക ജാതി / പട്ടിക വർഗ്ഗ ക്ഷീര കർഷക മിനി സുകുമാരൻ, ഇടുക്കി ബ്ലോക്കിൽ ഏറ്റവും അധികം പാൽ സംഭരിച്ച വാഴത്തോപ്പ് സഹകരണ സംഘം, ഏറ്റവും ഗുണമേന്മയുള്ള പാലളന്ന മണിയാറൻകുടി ക്ഷീര സഹകരണ സംഘത്തെയും മന്ത്രി ചടങ്ങിൽ ആദരിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച കന്നുകാലി പ്രദർശനത്തിൽ കറവപ്പശു വിഭാഗത്തിലും കിടാരി വിഭാഗത്തിലും ക്ഷീര കർഷകനായ ബിനു ജോൺ മാപ്ലാരി ഒന്നാം സ്ഥാനം നേടി. പ്രദർശനത്തിൽ പങ്കെടുത്ത മുഴുവൻ ക്ഷീര കർഷകർക്കും സൗജന്യമായി കേരള ഫീഡ്‌സ് കാലിത്തീറ്റ വിതരണം ചെയ്തു. തുടർന്ന് ക്ഷീരകർഷകർക്കായി സെമിനാറും സംഘടിപ്പിച്ചു. 'ക്ഷീരോത്പാദനത്തിലൂടെ ഭക്ഷ്യ സുരക്ഷ' എന്ന വിഷയത്തിൽ ക്ഷീരവികസന വകുപ്പ് മുൻ അസി. ഡയറക്ടർ ജോർജ് എം. എൽ വിഷയം അവതരിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ, വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, ക്ഷീര വികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ എസ് മഹേഷ് നാരായണൻ, ഇടുക്കി ക്ഷീര വികസന ഓഫീസർ ജാൻസി ജോൺ, ചേറ്റാനിക്കട ക്ഷീര സംഘം പ്രസിഡന്റ് ബിന്ദു പൈലി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.