തൊടുപുഴ: ജില്ലയിൽ 24 മണിക്കൂറിനിടെ രണ്ട് സംഭവങ്ങളിലായി ജലാശയങ്ങളിൽ പൊലിഞ്ഞത് നാല് പേരുടെ ജീവൻ. വെള്ളിയാഴ്ച കാമാക്ഷി അമ്പലമേട് ഭദ്രകാളീ ക്ഷേത്രത്തിന് സമീപത്തെ പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മരിച്ചതായിരുന്നു ആദ്യ അപകടം. കാമാക്ഷി വേലൂർ അരുൺ (39), ആനചാരിയിൽ മഹേഷ് (40) എന്നിവരായിരുന്നു മരിച്ചത്. അരുൺ കാൽ വഴുതി വീണപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മഹേഷും അപകടത്തിൽപ്പെട്ടത്. ഈ ദുരന്തത്തിന്റെ വേദനയിൽ നിന്ന് ജില്ല മോചിതമാകും മുമ്പാണ് സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ നാലംഗ സംഘത്തിലെ രണ്ട് പേർ മലങ്കര ജലാശയത്തിന്റെ ഭാഗമായ കാഞ്ഞാർ പുഴയിൽ മുങ്ങി മരിച്ചത്. കോട്ടയം താഴത്തങ്ങാടി ജാസ്മിൻ മൻസിൽ ഫിർദൗസ് (20), ചങ്ങനാശ്ശേരി അറയ്ക്കൽ വീട്ടിൽ അമൻ ഷാബു (23) എന്നിവരാണ് മരിച്ചത്. കാമാക്ഷിയിലെ അപകടത്തിന് സമാനമായ വെള്ളത്തിലകപ്പെട്ട സുഹൃത്തിനെ രക്ഷപ്പെടുന്നതിനിടെയാണ് രണ്ടാമനും അപകടത്തിൽപ്പെട്ടത്. കാഞ്ഞാർ കുന്നുംപുറത്ത് സലിമീന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു മരിച്ച യുവാക്കളടക്കം നാല് സുഹൃത്തുക്കൾ. കാഞ്ഞാർ ടൗണിന് സമീപം പാലത്തിന് താഴെ പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഫിർദൗസ് വെള്ളത്തിൽ വീഴുകയായിരുന്നു. ഫിർദൗസിനെ രക്ഷിക്കാൻ പിന്നാലെ ചാടിയ അമനും വെള്ളത്തിൽ മുങ്ങിത്താണു. മറ്റ് കൂട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാരും അഗ്‌നിരക്ഷാ സേനയും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിൽ ഇരുവരെയും കരയ്‌ക്കെത്തിച്ച് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുന്നറിയിപ്പ് അവഗണിച്ച് മരണത്തിലേക്ക്

ജലാശയങ്ങളിൽ അപകടങ്ങൾ വർദ്ധിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് ഇവിടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. നദികളിലും ജലാശയങ്ങളിലും കുളിക്കാനെത്തി അപകടത്തിൽപെടുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ ഫയർഫോഴ്‌സ് ആസ്ഥാനത്തു നിന്നുള്ള നിർദേശ പ്രകാരമാണ് ജില്ലയിലും ബോർഡുകൾ സ്ഥാപിച്ചത്. എന്നാൽ ഇതവണഗിച്ചാണ് പലരും അശ്രദ്ധമായി വെള്ളത്തിലിറങ്ങുന്നത്. അധികൃതർ വിലക്കിയാലും അതെല്ലാം അവഗണിച്ച് അവരുടെ കണ്ണിൽപ്പെടാതെ ആളുകൾ വെള്ളത്തിൽ ഇറങ്ങും. സെൽഫി എടുക്കാനും കൈകാലുകൾ നനയ്ക്കാനും കുളിക്കാനും വേണ്ടിയാണ് ചിലർ വെള്ളക്കെട്ടിൽ ഇറങ്ങുന്നതെങ്കിൽ മറ്റ് ചിലരുടെ ലക്ഷ്യം മദ്യപാനവും മറ്റ് ഉല്ലാസങ്ങളുമാണ്. കയത്തിലും ചെളി നിറഞ്ഞ ഭാഗങ്ങളിലും അകപ്പെട്ട് തിരികെ കയറാൻ കഴിയാതെയാണ് പലരുടെയും ജീവൻ നഷ്ടമാകുന്നത്. നീന്തൽ അറിയാവുന്നവരുടെയും ജീവൻ ഇവിടെ പൊലിഞ്ഞിട്ടുണ്ട്. സിനിമ നടൻ അനിൽ നെടുമങ്ങാടാണ് ഇത്തരത്തിൽ മരണപ്പെട്ടയാളാണ്. ജലാശയങ്ങളിലെ കയങ്ങളിലും അടിയൊഴുക്കുള്ള നദികളിലും പതിയിരിക്കുന്ന കെണികൾ കാണാതെയാണ് പലരും അപകടത്തിലേക്ക് എടുത്തു ചാടുന്നത്. ഇക്കാര്യത്തിൽ കൂടുതൽ ബോധവത്കരണവും മുന്നറിയിപ്പ് സംവിധാനങ്ങളും വേണമെന്ന ആവശ്യം ശക്തമാകുകയാണ്.

ഇവ ശ്രദ്ധിക്കുക

1.നീന്തൽ വശമില്ലാത്തവർ ജലശയങ്ങളിൽ ഇറങ്ങരുത്

2.വെള്ളത്തിൽ യാത്ര ചെയ്യുന്നത് ഇരുന്ന് മാത്രം

3.അപസ്മാരം, ശ്വാസകോശ രോഗങ്ങൾ ഉള്ളവർ ജലാശയങ്ങളിൽ ഇറങ്ങരുത്.

4.വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കരുത്.

5. പരിചയമില്ലാത്തതും ഒഴുക്കുള്ളതുമായ ജലാശയങ്ങളിൽ ഇറങ്ങരുത്.

6. മുങ്ങിപ്പോയ ആളെ പുറത്തെടുത്ത ഉടൻ തലവശത്തേക്ക് ചരിച്ചു കിടത്തി വയറുഭാഗത്ത് അമർത്തി ഉള്ളിലുള്ള ജലം പരമാവധി പുറത്തു കളയുക. ഉടൻ കൃത്രിമ ശ്വാസം നൽകുക.

7.ശ്വാസം നിലച്ച ശേഷവും മൂന്ന് മിനിറ്റോളം ഹൃദയം പ്രവർത്തിക്കും. ഏഴ് മിനിറ്റിന് ശേഷമേ മസ്തിഷ്‌ക മരണം സംഭവിക്കൂ. അതിനാൽ ആദ്യ അഞ്ച് മിനിറ്റിനുള്ളിൽ ആളെ കണ്ടെത്തിയാൽ കൃത്രിമ ശ്വാസം നൽകി രക്ഷപ്പെടുത്താം.