നെടുങ്കണ്ടം: മാർക്കറ്റുമായി ബന്ധപ്പെട്ട് ആറ് മാസക്കാലമായി യാതൊരു വിധ പണിയും നടത്താൻ ഭരണകക്ഷിയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് ആരോപിച്ച് നെടുങ്കണ്ടം പഞ്ചായത്ത് കമ്മിറ്റി യു.ഡി.ഫ് മെമ്പർമാർ ബഹിഷ്‌കരിച്ചു. മാർക്കറ്റിലെ സ്ഥാപനങ്ങൾ പൊളിച്ചതു മൂലം ഒരു പറ്റം വ്യാപാരികൾ കച്ചവടം നിറുത്തി വീട്ടിലിരിക്കുന്ന അവസ്ഥയിലാണെന്ന് യു.ഡി.എഫ് മെമ്പർമാർ പറഞ്ഞു. അവരെ സഹായിക്കാൻ പോലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മാർക്കറ്റിലെ മണ്ണ് എടുക്കലുമായി ബന്ധപ്പെട്ട് വൻ അഴിമതിയാണ് നടക്കുന്നത്. ഭരണ സമിതി അംഗങ്ങൾക്കിടയിലുള്ള ഭിന്നത മൂലം പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലാണ്. നെടുങ്കണ്ടം പഞ്ചായത്തിൽ നായ്ക്കളുടെ ശല്യം അതിരൂക്ഷമായ സാഹചര്യത്തിൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് പഞ്ചായത്ത് കമ്മറ്റിയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടില്ല. അതിന് അടിയന്തിരമായി നടപടി എടുക്കാൻ പഞ്ചായത്ത് ഭരണസമിതി തയ്യാറായിട്ടില്ല. മുൻ കുട്ടി പദ്ധതി തയ്യാറാക്കുന്നതിനോ ഗ്രാമസഭകൾ കൂടുന്നതിനോ ഇത് വരെ തീരുമാനമായിട്ടില്ല. തൊഴിലുറപ്പ് പദ്ധതി സമയബന്ധിതമായി നടപ്പിലാക്കുവാൻ കഴിഞ്ഞിട്ടില്ല. വാർഷിക പദ്ധതി രൂപീകരണം താറുമാറായി കിടക്കുന്നു. ലൈഫ് ഭവനപദ്ധതിയിലെ നടത്തിപ്പുമായി ബന്ധപ്പെട്ട് യാതൊരു വിധ ക്രമീകരണങ്ങളും ഉണ്ടാക്കാനായില്ല. ബഫർ സോൺ വിഷയവുമായി ബന്ധപ്പെട്ട് ഒരു പ്രമേയം പാസാക്കാനായില്ലെന്നും യു.ഡി.എഫ് ആരോപിച്ചു. പഞ്ചായത്ത് ഭരണം നല്ല രീതിയിൽ മുന്നോട്ട് കൊണ്ടു പോകുവാൻ കഴിവില്ലെങ്കിൽ ഭരണ സമിതി രാജി വയ്ക്കണമെന്നാണ് യു.ഡി.ഫ് മെമ്പർമാർ ആവശ്യപ്പെട്ടു. എം.എസ്. മഹേശ്വരൻ, ജോജി ഇടപ്പള്ളിക്കുന്നേൽ, ഷിഹാബ് ഈട്ടിക്കൽ, രാജേഷ് ജോസഫ്, കുഞ്ഞുമോൻ മാന്തുരുത്തിയിൽ, ലിസി ദേവസ്യാ, ലിനിമോൾ ജോസ് എന്നിവർ പങ്കെടുത്തു.