കാഞ്ഞാർ: മുട്ടം, ഇടവെട്ടി, കുടയത്തൂർ, അറക്കുളം, ആലക്കോട്, വെള്ളിയാമറ്റം എന്നിങ്ങനെ പഞ്ചായത്ത്‌ പ്രദേശങ്ങളിലെ 12 കിലോ മീറ്ററോളം വിസ്തൃതിയിൽ പരന്ന് കിടക്കുന്നതാണ് മലങ്കര ജലാശയം. അണക്കെട്ടിന്റെ സമീപത്തും ചുറ്റ് പ്രദേശങ്ങളിലുമുള്ള വെള്ളക്കെട്ടുകളിൽ എവിടെ വേണമെങ്കിലും ആർക്കും എപ്പോഴും ഇറങ്ങാം. അടിത്തട്ടിൽ ഒളിഞ്ഞിരിക്കുന്ന അപകടക്കുഴികളും ആഴത്തിലേക്ക് താഴ്ത്തുന്ന ചുഴികളും പാറക്കൂട്ടങ്ങളിലെ അള്ളുകളും അറിയാതെ അനേകം പേരാണ് ജലാശയത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ ഇറങ്ങുന്നത്. ജലാശയത്തിന്റെ തീരങ്ങളിൽ ആളുകൾ കുളിക്കാനും മറ്റും ഇറങ്ങുന്ന പ്രദേശങ്ങളിലെ വള്ളിപ്പടർപ്പും കാട്ട് ചെടികളും ഏറെ അപകട സാദ്ധ്യതയുള്ളതാണ്. എന്നാൽ അപകടം സംബന്ധിച്ചുള്ള മുന്നറിയിപ്പ് ബോർഡ് ഒരു പലക കഷ്ണത്തിൽ പോലും സ്ഥാപിക്കാൻ അധികൃതർ തയ്യാറാകുന്നില്ല. ഇത്‌ സംബന്ധിച്ച് മാദ്ധ്യമങ്ങളിൽ വാർത്തകൾ വരുമ്പോൾ എന്തെങ്കിലും ചെയ്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതാണ് പതിവ്. പുഴയുടെ തീരങ്ങളിലും മറ്റുമായിട്ടുള്ള അപകട സാദ്ധ്യതകൾ ഇല്ലാതാക്കാൻ മൈനർ ഇറിഗേഷൻ- മേജർ ഇറിഗേഷൻ വകുപ്പുകൾക്ക് ലക്ഷങ്ങളുടെ ഫണ്ട് അനുവദിക്കാറുണ്ടെങ്കിലും അതൊന്നും കാര്യക്ഷമമായി വിനിയോഗിക്കുന്നില്ല. പ്രാദേശികമായി തദ്ദേശസ്ഥാപനങ്ങൾക്കും ഇത്തരം കാര്യങ്ങളിൽ ഇടപെടൽ നടത്താൻ കഴിയുമെങ്കിലും അവരും അതൊന്നും ശ്രദ്ധിക്കുന്നില്ല.