 
രാജാക്കാട്:അപകട വളവ് നിവർത്തി വീതി വർദ്ധിപ്പിക്കുന്നതിനായി ഉദ്യോഗസ്ഥർ അശാസ്ത്രിയമായ എസ്റ്റിമേറ്റ് നൽകി കലുങ്ക് നിർമ്മിക്കുന്നതായി പരാതി. നിർമ്മാണം അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്ന ചെമ്മണ്ണാർ ഗ്യാപ് റോഡിൽ പഴയവിടുതി റേഷൻ കട ഭാഗത്ത് കൊടും വളവ് നിവർത്തുകയുംവീതിക്കുറവ് പരിഹരിക്കണമെന്ന് കളക്ടർ നിർദേശം നൽകിയിരുന്നു. പ്രശ്‌നം പരിഹരിച്ചെന്ന് കാണിച്ച് മുൻപ് തെറ്റായ റിപ്പോർട്ടുകൾ നൽകിയെന്ന് വിവിധ സംഘടനകൾ ആക്ഷേപം ഉന്നയിച്ചിരുന്നു.ഏറെ അപകട സാദ്ധ്യതയുള്ള വളവ് നിവർത്താതെയാണ് ഇവിടെ ഫില്ലിംഗ് സൈഡ് വാൾ അശാസ്ത്രീയമായി നിർമ്മിച്ചിരിക്കുന്നതെന്ന് വ്യാപകമായി പരാതി ഉയർന്ന സാഹചര്യത്തിലാണ് നാട്ടുകാർ ജില്ലാ കളക്ടറെ വിവരങ്ങൾ ധരിപ്പിച്ചത്.റോഡ് നിർമ്മിക്കുന്നതിന് വേണ്ടി എസ്റ്റിമേറ്റ് തയ്യാറാക്കിയ ഉദ്യോഗസ്ഥർ സമീപത്തെ സ്ഥലമുടമയെ സഹായിക്കാനായി വളവ് നിവർത്താത്ത തരത്തിൽ റോഡിന്റെ എസ്റ്റിമേറ്റ് എടുത്തുവെന്നും വീതി കൂടുതൽ ആവശ്യമുള്ള സ്ഥലത്ത് വീതി കൂട്ടി നിർമ്മിച്ചില്ലെന്നുംകലുങ്കിന് വീതി കൂട്ടിയില്ലെന്നുമായിരുന്നു അന്നത്തെ പരാതി.കെ.എസ്.റ്റി.പി ഉദ്യോഗസ്ഥർ നൽകിയ എസ്റ്റിമേറ്റ് പ്രകാരമാണ് നിർമ്മാണം നടത്തിയതെന്നാണ് കരാറുകാർ അറിയിച്ചത്.ശാസ്ത്രീയമായ രീതിയിലുള്ള എസ്റ്റിമേറ്റ് എടുത്ത് നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആക്ഷേപം നിലനിൽക്കേയാണ് നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കലുങ്കിന് വീതി കൂട്ടി നിർമ്മിക്കാൻ കെ.എസ്.റ്റി.പി അസിസ്റ്റന്റ് എഞ്ചിനീയർ കരാറുകാരന് നിർദ്ദേശം നൽകിയത്.അതെ തുടർന്നാണ് അടിഭാഗം ഇടിഞ്ഞു തുടങ്ങിയ കലുങ്കിൽ യാതൊരു ബലപരിശോധനയും നടത്താതെ ഇപ്പോൾ നിർമ്മാണം
നടത്തിയിരിക്കുന്നത്.