
വണ്ടിപ്പെരിയാർ : വണ്ടിപ്പെരിയാർ പശുമല ആറ്റോരത്ത് 55 വയസുള്ള സ്ത്രീയെ പീഡിപ്പിച്ച കേസിൽ ഒരാളെ വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാർ അയ്യപ്പൻ കോവിൽ മാട്ടും കൂട് പുത്തൻപുരയ്ക്കൽ വിനോദ് ജോസഫി (45)നെയാണ് വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകുന്നേരം 7 മണിയോടുകൂടിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഇയാൾ സ്ത്രീയുടെ വ്യാപാര സ്ഥാപനത്തിൽ സാധനം വാങ്ങാനെന്ന വ്യാജേന എത്തുകയും വാതിൽ തുറന്ന് അകത്ത് കയറി സ്ത്രീയെ പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് കേസ്. സംഭവത്തിന് ശേഷം ഇതേ വീടിന് മുകളിൽ താമസിക്കുന്ന വാടകക്കാരൻ എത്തിയതോടെയാണ് പീഡനവിവരം പുറത്താവുന്നത്. തുടർന്ന് ഇയാൾ വണ്ടിപ്പെരിയാർ പോലീസിൽ വിവരമറിയിക്കുകയും തുടർന്ന് പോലീസ് നടത്തിയ അന്വേഷണങ്ങൾക്ക് ശേഷം പ്രതിയുടെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ പീരുമേട് മജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കി കോടതിയിൽ ഹാജരാക്കും. പീഡനത്തെ തുടർന്ന് അവശയായ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വണ്ടിപ്പെരിയാർ സി. ഐ ഫിലിപ്പ് സാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.