മുട്ടം: ചള്ളാവയൽ ഭാഗത്ത് നൂറ് മീറ്റർ പരിധിക്കുള്ളിൽ രണ്ട് വാഹനാപകടങ്ങൾ നടന്നു. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ കളത്ത്ക്കടവിലുള്ള വ്യക്തി സഞ്ചരിച്ച കാർ ചള്ളാവയൽ ഭാഗത്ത് കലുങ്കിൽ ഇടിച്ച് വട്ടം മറിഞ്ഞു. വിജിലൻസ് പൊലീസിന്റെ കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പാലത്തിനോട്‌ ചേർന്നുള്ള മൂന്ന് സുരക്ഷ കലുങ്ക് തകർന്നു. വൈകിട്ട് 6 മണിയോടെ ഈരാറ്റ്പേട്ട ഭാഗത്ത് നിന്ന് മുട്ടത്തേക്ക് വന്ന കാറിന്റെ പിന്നിൽ സ്വകര്യ ബസ് ഇടിച്ചു.കാർ മുട്ടം ഭാഗത്തേക്ക്‌ വരുമ്പോഴാണ് അപകടം. ചള്ളാവയലിന് സമീപത്ത്‌ താമസിക്കുന്ന ചെറിയ കുട്ടി റോഡിലൂടെ സൈക്കിളിൽ വരവേ സൈക്കിളിൽ ഇടിക്കാതിരിക്കാൻ കാർ പെട്ടന്ന് ബ്രേക്ക് ചവിട്ടി. ഈ സമയം പിന്നിലൂടെ വന്ന ബസ് കാറിൽ ഇടിക്കുകയായിരുന്നു. കോതമംഗലം സ്വദേശിയുടേതാണ് കാർ. അപകടങ്ങളിൽ ബസിനും രണ്ട് കാറിനും സാരമായ കേട് സംഭവിച്ചു. മുട്ടം പൊലീസ് സ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു.