തൊടുപുഴ: മൂന്നാർ ടൗണിൽ ഇക്കാ നഗറിൽ വൈദ്യുതി ബോർഡിന്റെ ഉടമസ്ഥതയിലുള്ള 16.55 ഏക്കറിലെ കൈയേറ്റം ഒഴിപ്പിക്കാൻ റവന്യൂ വകുപ്പ് ഉത്തരവ്. ആറോളം റിസോർട്ടുകൾ ഈ ഭൂമിയിൽപ്പെടും. ഇക്കാ നഗറിലെ നാല് സെന്റ് കൈവശഭൂമി ക്രമപ്പെടുത്തി നൽകണമെന്നാവശ്യപ്പെട്ട് മൂന്നാർ സ്വദേശി എം. അബ്ദുൽ ബാരി സമർപ്പിച്ച അപ്പീൽ തള്ളിയാണ് ഇതുൾപ്പടെ മുഴുവൻ കൈയേറ്റങ്ങളും ഒഴിപ്പിക്കാൻ റവന്യൂ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ബാലസുബ്രഹ്മണ്യൻ ജില്ലാ കളക്ടർക്ക് ഉത്തരവ് നൽകിയത്. മൂന്നാർ ടൗണിൽ സർവേ നമ്പർ 843ൽ 16.55 ഏക്കർ സ്ഥലം 1941ൽ തിരുവിതാംകൂർ സർക്കാർ അന്നത്തെ വൈദ്യുതി വകുപ്പിന് കൈമാറിയതാണ്. പള്ളിവാസൽ പദ്ധതിയുടെ ആവശ്യത്തിനായി ഗസ്റ്റ് നോട്ടിഫിക്കേഷനിലൂടെയായിരുന്നു ഭൂമി കൈമാറ്റം. ഈ സ്ഥലം മൊത്തം കൈയേറ്റം മൂലം നഷ്ടമായി. ഇതിൽ 17 പേർ പട്ടയം സമ്പാദിച്ചു. ഇവിടത്തെ പട്ടയങ്ങൾ വ്യാജമാണെന്ന് കാണിച്ച് കെ.എസ്.ഇ.ബി ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്തിട്ടുണ്ട്. മൂന്നാർ മേഖലയിൽ വൈദ്യുതി ബോർഡിന്റെ 800 ഏക്കറോളം ഭൂമി കൈയേറ്റം മൂലം നഷ്ടപ്പെട്ടതായി കെ.എസ്.ഇ.ബി വിജിലൻസ് കണ്ടെത്തിയിരുന്നു. ചിത്തിരപുരം, മൂന്നാർ ടൗൺ എന്നിവിടങ്ങളിലും മാട്ടുപ്പെട്ടി, ആനയിറങ്കൽ, കുണ്ടള അണക്കെട്ടുകളുടെ റിസർവോയർ മേഖലകളിലുമാണ് വ്യാപക കൈയേറ്റം നടന്നിരിക്കുന്നത്. ചിത്തിരപുരത്ത് കെ.എസ്.ഇ.ബിയ്ക്ക് 500 ഏക്കർ സ്ഥലമുണ്ടായിരുന്നിടത്ത് ഇപ്പോഴുള്ളത് 65 ഏക്കർ മാത്രമാണ്.