
ഇടുക്കി: ആക്രമണകാരിയായ പുലിയെ സമചിത്തതയോടെ നേരിടുകയും ആത്മരക്ഷാർത്ഥം വകവരുത്തുകയും ചെയ്ത ആറാംമൈൽ ചിക്കണംകുടി സ്വദേശിയായ ഗോപാലനെ കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷന്റെ (കിഫ) നേതൃത്വത്തിൽ അനുമോദിച്ചു.
മാങ്കുളം സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന അനുമോദന യോഗത്തിൽ കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബിജു മൈലക്കൽ അദ്ധ്യക്ഷത വഹിച്ചു. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ ജോസ് ഉദ്ഘാടനം ചെയ്തു. ജോർജിയാർ ഇടവക വികാരി ഫാ. ജോസഫ് വെട്ടിക്കൽ ഗോപാലനെ ഷാൾ അണിയിച്ച് ആദരിച്ചു. കിഫ ജില്ലാ കമ്മിറ്റി അംഗം ബിനോയി സി. ആൻഡ്രൂസ് മുഖ്യപ്രഭാഷണം നടത്തി.
മാങ്കുളം ഗ്രാമപഞ്ചായത്തംഗം അനിൽ ആന്റണി ജിം കോർബറ്റ് സ്മരണാഫലകം സമർപ്പിച്ചു. അതിജീവന പോരാട്ട വേദി ചെയർമാൻ റസാഖ് ചൂരവേലി പ്രശസ്തിപത്രം നൽകി. മാങ്കുളം ജമാഅത്ത് സെക്രട്ടറി പി.എം. അലിയാർ, മർച്ചന്റ്‌സ് അസോസിയേഷൻ മാങ്കുളം യൂണിറ്റ് പ്രസിഡന്റ് കുട്ടിയച്ചൻ തോട്ടമറ്റം എന്നിവർ സംസാരിച്ചു. കിഫ മാങ്കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സണ്ണി ആറ്റുപുറത്ത് സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് ബബിൻ ജയിംസ് നന്ദിയും പറഞ്ഞു.