 
ഇടുക്കി: വിനോദസഞ്ചാരികൾക്ക് ചരിത്രവിജ്ഞാനം പകരാൻ ഇനി പൈതൃക കേന്ദ്രവും. ജില്ലയുടെ ആസ്ഥാനമായ പൈനാവിൽ സംസ്ഥാന പുരാരേഖാ വകുപ്പിന്റെ ജില്ലാ ഹെറിറ്റേജ് സെന്റർ വിപുലമായ സൗകര്യങ്ങളോടെയാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. കുയിലിമലയിലെ മനോഹരമായ കുന്നിൻ മുകളിൽ സംസ്ഥാന പുരാവസ്തു വകുപ്പിന്റെ മ്യൂസിയത്തോടു ചേർന്ന് 1.75 കോടി രൂപ മുതൽമുടക്കി യാണ് കേന്ദ്രം ഒരുക്കിയിരിക്കുന്നത്.
ഇടുക്കിയുടെ സമൃദ്ധവും വൈവിധ്യവുമായ പൈതൃകങ്ങൾ ഭാവി തലമുറയ്ക്കായി സജ്ജീകരിച്ചു സൂക്ഷിക്കാനുള്ള ഇടമെന്ന നിലയിലാണ് പുരാവസ്തു വകുപ്പ് ജില്ലാ പൈതൃക മ്യൂസിയം വിഭാവനം ചെയ്തിരിക്കുന്നത്. പുരാരേഖകളുടെ സംരക്ഷണത്തിനായുള്ള റിക്കാർഡ് റൂം, കൺസർവേഷൻ വിഭാഗം, റിസർച്ച് ഹാൾ, ഓഫീസ് ഹാൾ, പ്രദർശന ഹാൾ, ഗസ്റ്റ് ഹൗസ് എന്നീ സൗകര്യങ്ങളോടെ പരിസ്ഥിതി സൗഹൃദമായാണ് സെന്ററിന്റെ നിർമ്മാണം. ഇടുക്കി ജില്ലാ പഞ്ചായത്ത് സൗജന്യമായി നൽകിയ സ്ഥലത്ത് ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പാണ് പൈതൃക കേന്ദ്രം നിർമിച്ചത്.
പതിനാലാം നൂറ്റാണ്ടു മുതൽ ഇരുപതാം നൂറ്റാണ്ടുവരെയുളള ഇടുക്കിയുടെ ചരിത്രം, പൈതൃകം, ആനുകാലിക ചുവടുവെപ്പുകൾ എന്നിവയുടെ നേർരേഖകളുടെ പ്രദർശനമാണ് മൂന്ന് ഗ്യാലറികളിലായി സജ്ജീകരിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയിലെ കണ്ടെത്തപ്പെട്ട മുനിയറകളും മെൻഹറുകളും ചരിത്രാതീതകാലത്തിന്റെ അടയാളങ്ങളുടെ ആലേഖനങ്ങളും ഛായാചിത്രങ്ങളും ആദിമ നിവാസികൾ, കുടിയേറ്റം, പിന്നീടുവന്ന കൊളോണിയൽ കാലഘട്ടം എന്നിവയെ സംബന്ധിക്കുന്ന വിവരങ്ങൾ അടങ്ങിയ രേഖകളുടെ പകർപ്പുകൾ തുടങ്ങിയവയാണ് ആദ്യ ഗാലറിയിൽ. കാലഗതിക്കനുസരിച്ച് ഇടുക്കിയിൽ മാറ്റങ്ങൾ സൃഷ്ടിച്ച ഭൂപരിഷ്‌ക്കരണം, തോട്ടങ്ങൾ, ഡാമുകൾ, വിനോദസഞ്ചാര ഇടങ്ങൾ എന്നിവയെക്കുറിച്ചുളള രേഖകൾ, ഡാമിനെക്കുറിച്ചും തേയില നിർമ്മാണത്തെക്കുറിച്ചും വിശദീകരിക്കുന്ന പ്രദർശന സജ്ജീകരണങ്ങൾ, ഇടുക്കി ചിത്രങ്ങൾ എന്നിവ രണ്ടാം ഗ്യാലറിയിൽ ഒരുക്കിയിരിക്കുന്നു. അവസാനത്തെ ഗ്യാലറിയിൽ ഏർപ്പെടുത്തിയ ദൃശ്യ ശ്രാവ്യ സംവിധാനം കഴിഞ്ഞ കാലത്തിലേക്ക് സന്ദർശകരെ കൂട്ടിക്കൊണ്ടു പോകും. ഇമേജുകളും വീഡിയോകളും റിലീഫുകളും, സ്ലൈഡുകളും, പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടച്ച് സ്‌ക്രീൻ കിയോസ്‌ക്, ഇന്ററാക്ടീവ് ഇ ബുക്ക്, പ്രൊജക്ടർ എന്നിവ സന്ദർശകരുമായുള്ള ആശയവിനിമയത്തിനായും സജ്ജീകരിച്ചിട്ടുണ്ട്. താഴത്തെ നിലയിൽ 128 ച. അടി വിസ്തൃതിയിൽ റിസപ്ഷനും ഒരുക്കിയിട്ടുണ്ട്. തിങ്കളാഴ്ച ഒഴികെ ആഴ്ചയിൽ എല്ലാ ദിവസവും സെന്റർ തുറന്ന് പ്രവർത്തിക്കും. ഹെറിറ്റേജ് സെന്റർ സന്ദർശിക്കാൻ എത്തുന്നവർക്ക് സമീപത്ത് തന്നെയുള്ള ഇടുക്കി ജില്ലാ പൈതൃക മ്യൂസിയവും കാണാൻ സാധിക്കും.
ഇടുക്കി ചരിത്ര ശേഷിപ്പുകളുടെ നാട്
:മന്ത്രി അഹമ്മദ് ദേവർകോവിൽ
കേരളത്തിൽ മറ്റെങ്ങുമില്ലാത്തവിധം ചരിത്ര ശേഷിപ്പുകളുള്ള ജില്ലയാണ് ഇടുക്കിയെന്ന് പുരാരേഖ, മ്യൂസിയം മന്ത്രി അഹമ്മദ് ദേവർകോവിൽ. ചരിത്രകാരന്മാരുടെയും നരവംശശാസ്ത്രജ്ഞന്മാരുടെയും ഇഷ്ട ദേശമായ ഇടുക്കിയിൽ പൈതൃക കേന്ദ്രം തുറക്കാനായതിൽ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന പുരാരേഖാ വകുപ്പിന് കീഴിൽ ആരംഭിച്ച ഹെറിറ്റേജ് സെന്ററിന്റെയും ഗസ്റ്റ്ഹൗസിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ അഞ്ച് ജില്ലകളിൽ ഹെറിറ്റേജ് സെന്ററുകളുണ്ട്. അതിലേറ്റവും വിപുലമായ സൗകര്യമുള്ളതാണ് ഇടുക്കിയിലേത്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് അദ്ധ്യക്ഷതവഹിച്ചു. ജില്ലാ കളക്ടർ ഷീബ ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് പോൾ, ജില്ലാ പഞ്ചായത്തംഗം കെ.ജി. സത്യൻ, ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, വാർഡ് അംഗം രാജു ജോസഫ് കല്ലറയ്ക്കൽ, സംസ്ഥാന പുരാരേഖാ വകുപ്പ് ഡയറക്ടർ രജികുമാർ, സംസ്ഥാന പുരാവസ്തു ഡയറക്ടർ ഇ. ദിനേശേൻ, സംസ്ഥാന ആർക്കൈവ്‌സ് വകുപ്പ് ആർക്കിവിസ്റ്റ് ആർ. അശോക് കുമാർ, കേരളം ചരിത്ര പൈതൃക മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയറക്ടർ ആർ. ചന്ദ്രൻ പിള്ളതുടങ്ങിയവർ പങ്കെടുത്തു.