ചക്കുപള്ളം :ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ അതിദരിദ്ര നിർമ്മാർജന ഉപപദ്ധതിയുടെ മൈക്രോപ്ലാൻ തയ്യാറാക്കുന്നതിന് ജനപ്രതിനിധികൾക്കും സി. ഡി. എസ്. അംഗങ്ങൾക്കും പഞ്ചായത്ത്, വാർഡ് തല സമിതി അംഗങ്ങൾക്കുമായി ഏകദിന പരിശീലന ക്ലാസ് നടത്തി. ശിൽപശാലപഞ്ചായത്ത് പ്രസിഡന്റ് പി. കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ദാരിദ്ര്യ നിർമ്മാർജന പദ്ധതി പ്രകാരം ത്രിതല പഞ്ചായത്തുതലത്തിൽ അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള സർവ്വേ നടപടികൾ പൂർത്തീകരിച്ചിരുന്നു. പദ്ധതിയുടെ അടുത്ത നടപടിയുടെ ഭാഗമായാണ് ഉപപദ്ധതി മൈക്രോപ്ലാൻ തയ്യാറാക്കുന്നത്. ചക്കുപളളം പഞ്ചായത്തിൽ 32 കുടുംബങ്ങളാണ് അതിദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. ഓരോ കുടുംബത്തിനും ഓരോ മൈക്രോ പ്ലാൻ തയാറാക്കും. ഇതിന് ത്രിതല പഞ്ചായത്ത് പ്രതിനിധികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കിലയുടെ നേതൃത്വത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചത്.
പഞ്ചായത്ത് അംഗം ജോസ് പുതുമന യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ശ്വേതജിത്ത് പി. എസ്. സ്വാഗതം പറഞ്ഞു. കില പരിശീലകർ പി. ഡി. രവികുമാർ, സിന്ധു ടി. എസ്, മറിയാമ്മ റെജി എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.