മുട്ടം: അറക്കുളം, കുടയത്തൂർ, മുട്ടം പഞ്ചായത്ത്‌ പ്രദേശങ്ങളിലെ അതി രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിൽ നട്ടം തിരിയുകയാണ് ജനങ്ങൾ. മഴയോ കാറ്റോ ഇല്ലാത്ത സമയത്ത് പോലും തുടർച്ചയായി വൈദ്യുതി മുടങ്ങുന്നത് ഏറെ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.ടൗൺ -ഗ്രാമീണ മേഖല എന്നിങ്ങനെ വ്യത്യാസം ഇല്ലാതെയാണ് മണിക്കൂറോളം വൈദ്യുതി മുടങ്ങുന്നത്.കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് മുതൽ ഇന്നലെ വൈകിട്ട് വരെ നിരവധി തവണയാണ് ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങിയത്.കാഞ്ഞാർ വിജിലന്റ് സ്റ്റേഡിയത്തിൽ വോളിബോൾ ടൂർണമെൻറിന്റെ ഫൈനൽ ദിവസമായിരുന്ന ഞായറാഴ്ച്ച കളി നടന്ന സമയത്ത് നിരവധി തവണ വൈദ്യുതി മുടങ്ങിയത് വൻ പ്രതിഷേധത്തിന് കാരണമായി.കാഞ്ഞാർ ടൗൺ ഇരുട്ടിലായതോടെ കളി കാണാൻ എത്തിയവരും ഏറെ കഷ്ടത്തിലായി. ജനറേറ്റർ ഉപയോഗിച്ച് മൈതാനത്തേക്കുള്ള വെളിച്ചം നൽകിയതിനാൽ കളി നിർത്തിവെക്കേണ്ടതായി വന്നില്ല.ടൗണിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തിക്കാതെയായിട്ട് മാസങ്ങളായി.വൈദ്യുതിയുള്ള സമയത്തും ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തിക്കാത്തത് കാഞ്ഞാർ ടൗണിനെ ഇരുട്ടിലാക്കുകയാണ്.വൈദ്യുതി പ്രതി സന്ധി മുട്ടം, കുടയത്തൂർ, അറക്കുളം പഞ്ചായത്ത്‌ പ്രദേശങ്ങളിലെ കച്ചവട സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളേയും സാരമായി ബാധിക്കുകയാണ്.മുട്ടം പ്രദേശത്തുള്ള വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ 7 കോടിയോളം പണം ചിലവഴിച്ച് സ്ഥാപിച്ച വൈദ്യുതി സബ് സ്റ്റേഷൻ ഒരു പ്രയോജനവും ലഭിക്കാത്ത അവസ്ഥയിലാണ്.പ്രശ്ന പരിഹാരത്തിന് അധികൃതർ അടിയന്തിരമായി ഇടപെടണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.