ഇടുക്കി: മെഡിക്കൽ കോളേജ് വികസന പ്രവർത്തനങ്ങൾക്കായി ആരോഗ്യവകുപ്പ് 90 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി. ആശുപത്രിയിലെ വികസന പ്രവർത്തനങ്ങൾ, വിവിധ വിഭാഗങ്ങൾക്കുള്ള ആശുപത്രി ഉപകരണങ്ങൾ, സാമഗ്രികൾ എന്നിവയ്ക്കാണ് തുകയനുവദിച്ചത്. ഇടുക്കി മെഡിക്കൽ കോളേജിൽ വലിയ വികസന പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. പുതിയ കെട്ടിടം പൂർത്തീകരിച്ച് ഐ.പി ആരംഭിച്ചിട്ടുണ്ട്. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ജൂലായ് 28നാണ് ഇടുക്കി മെഡിക്കൽ കോളേജിന് നഷ്ടമായ നാഷണൽ മെഡിക്കൽ കമ്മിഷന്റെ അംഗീകാരം വീണ്ടും ലഭിച്ചത്. 100 എം.ബി.ബി.എസ് സീറ്റുകൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. 2014ലാണ് ഇടുക്കി മെഡിക്കൽ കോളേജിന് തുടക്കം കുറിച്ചതെങ്കിലും മതിയായ സൗകര്യങ്ങളും ആവശ്യമായ ജീവനക്കാരും ഇല്ലാത്തതിനാൽ 2016ൽ എം.സി.ഐ. അംഗീകാരം റദ്ദാക്കിയിരുന്നു. തുടർന്ന് ഇവിടെയുള്ള വിദ്യാർത്ഥികളെ മറ്റ് മെഡിക്കൽ കോളേജുകളിലേക്ക് മാറ്റിയിരുന്നു. 2017ൽ മെഡിക്കൽ കോളജിന്റെ അംഗീകാരവും നഷ്ടമായി. ഇതോടെ ഇടുക്കി മെഡിക്കൽ കോളജിലേക്ക് നിയമിച്ച ഡോക്ടർമാരെയും അനുബന്ധ ജീവനക്കാരെയും വർക്കിംഗ് അറേഞ്ച്‌മെന്റ് എന്ന പേരിൽ വിവിധ ആശുപത്രികളിലേക്കു മാറ്റി. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി ഹൈറേഞ്ചിലെ രോഗികൾക്ക് അന്യജില്ലകളെയും തമിഴ്‌നാടിനെയും ആശ്രയിക്കേണ്ട സ്ഥിതിയായിരുന്നു. വീണ്ടും അംഗീകാരം കിട്ടിയതോടെ അതിന് വലിയ തോതിൽ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

'ആദ്യബാച്ച് വിദ്യാർത്ഥി പ്രവേശനത്തിനോടനുബന്ധിച്ചാണ് പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നത്. മെഡിക്കൽ കോളേജിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ സമയ ബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇവ കൂടാതെയാണ് ഈ തുക അനുവദിച്ചത് "

-ആരോഗ്യ മന്ത്രി വീണാ ജോർജ്

വിഭാഗങ്ങളും അനുവദിച്ച ഉപകരണങ്ങളും

സൈക്യാട്രി- ഇ.സി.ടി മെഷീൻ

ജനറൽ മെഡിസിൻ- രണ്ട് സീക്വൻഷ്യൽ കമ്പ്രഷൻ ഡിവൈസ് കാഫ് പമ്പ്

പീഡിയാട്രിക്- ന്യൂ ബോൺ മാനിക്വിൻ,​ ഒഫ്ത്താൽമോസ്‌കോപ്പ്

അനാട്ടമി- ബോഡി എംബാമിംഗ് മെഷീൻ

ബയോകെമിസ്ട്രി- സെമി ആട്ടോ അനലൈസർ

ഗൈനക്കോളജി- കാർഡിയാക് മോണിറ്റർ, രണ്ട് സി.ടി.ജി മെഷീൻ, സ്‌പോട്ട് ലൈറ്റ് ഒഫ്ത്താൽമോളജി- നോൺ കോണ്ടാക്ട് ടോണോമീറ്റർ

റേഡിയോ ഡയഗ്നോസിസ്- ഡി ഹുമിഡിഫയർ

അനസ്‌തേഷ്യ- ഇ.ടി.ഒ സ്റ്റെറിലൈസർ

ഇ.എൻ.ടി- എൻഡോസ്‌കോപ്പ് സീറോ ഡിഗ്രി,​ 30 ഡിഗ്രി എൻഡോസ്‌കോപ്പ്, 45 ഡിഗ്രി എൻഡോസ്‌കോപ്പ്

മൈക്രോബയോളജി- ഹൊറിസോണ്ടൽ സിലിണ്ടറിക്കൽ ആട്ടോക്ലേവ്
പത്തോളജി- ട്രൈനോകുലർ