കരിമണ്ണൂർ: ലഹരിക്കെതിരായ ബോധവത്കരണത്തിനായി കരിമണ്ണൂർ ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ വടംവലി മത്സരത്തിൽ എസ്.ഐ ഹാഷിം കെ.എച്ച് ക്യാപ്ടനായ കരിമണ്ണൂർ പൊലീസ് ടീം ജേതാക്കളായി. ഉടുമ്പന്നൂർ ടാക്‌സി ഡ്രൈവേഴ്‌സ് രണ്ടാംസ്ഥാനവും കരിമണ്ണൂർ ടാക്‌സി ഡ്രൈവേഴ്‌സ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് യഥാക്രമം 5001, 3001, 2001 രൂപയും ട്രോഫികളും സമ്മാനിച്ചു. വനിതകളുടെ മത്സരത്തിൽ കരാട്ടെ ക്ലബ് കരിമണ്ണൂർ ജേതാക്കളായി. കരിമണ്ണൂർ പൊലീസ് ടീം രണ്ടാം സ്ഥാനവും കുടുംബശ്രീ യൂണിറ്റ് പന്നൂർ മൂന്നാം സ്ഥാനവും നേടി. ക്യാമ്പയിനിന്റെ പ്രചരണാർത്ഥം കരിമണ്ണൂർ സ്റ്റേഷൻ പരിധിയിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ പോസ്റ്റർ മത്സരത്തിൽ ഉടുമ്പന്നൂർ സെന്റ് ജോർജ് സ്‌കൂളിലെ അലീന മെജോ ഒന്നാംസ്ഥാനവും തട്ടക്കുഴ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ അമൽജിത്ത് ബിജു രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും ഇടുക്കി ഡി.സി.ആർ.ബി ഡിവൈ.എസ്.പി ജിൽസൺ മാത്യു വിതരണം ചെയ്തു. വടംവലി മത്സരത്തിൽ പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ്, മർച്ചന്റ് അസോസിയേഷൻ,പ്രസ് ക്ലബ്, കരാട്ടെ സ്‌കൂൾ, ടാക്‌സി ഡ്രൈവേഴ്‌സ്, കുടുംബശ്രീ യൂണിറ്റുകൾ തുടങ്ങിയ ടീമുകൾ പങ്കെടുത്തു. പൊതുസമ്മേളനം തൊടുപുഴ ഡിവൈ.എസ്.പി മധു ബാബു ഉദ്ഘാടനം ചെയ്തു. കരിമണ്ണൂർ ഇൻസ്‌പെക്ടർ സുമേഷ് സുധാകരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിസാമോൾ ഷാജി, ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ്, പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി.കെ. ബൈജു, സ്റ്റേഷൻ പി.ആർ.ഒ പി.ജി. രാജേഷ്, അബ്ദുൽ റസാഖ് എന്നിവർ സംസാരിച്ചു. എസ്.ഐ പി.എൻ. ദിനേശ് സ്വാഗതവും ജനമൈത്രി ബീറ്റ് ഓഫീസർ ഷെരീഫ് പി.എ നന്ദിയും പറഞ്ഞു. തൊടുപുഴ ഇൻസ്‌പെക്ടർ വി.സി. വിഷ്ണു കുമാർ, കരിമണ്ണൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ബൈജു വറവുങ്കൽ, ഉടുമ്പന്നൂർ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ആർ. സോമരാജൻ തുടങ്ങിയവർ പങ്കെടുത്തു.