 
ഉടുമ്പന്നൂർ : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കേരളാ ഗ്രാമപഞ്ചായത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ ഉടുമ്പന്നൂർ പഞ്ചായത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റും ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എം. ലതീഷ് കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ഒരു പഞ്ചായത്തിൽ ഒരേ സമയം 20 പ്രവർത്തികൾ മാത്രമായി നിജപ്പെടുത്തിയ കേന്ദ്ര ഉത്തരവ് പിൻവലിക്കുക, മെറ്റീരിയൽ വർക്കുകളുടെ പണം അടിയന്തിരമായി അനുവദിക്കുക, പണി ആയുധങ്ങളുടെ വാടക നിർത്തലാക്കിയ ഉത്തരവ് പിൻവലിക്കുക, മസ്റ്റർ റോൾ വെട്ടിച്ചുരുക്കുവാനുള്ള നീക്കത്തിൽ നിന്നും പിന്തിരിയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ ധർണ്ണ നടത്തിയത്. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും നൽകുന്നതിനുള്ള ഭീമഹർജ്ജിക്കായി തൊഴിലാളികൾ സമാഹരിച്ച ഒപ്പുകൾ പഞ്ചായത്ത് പ്രസിഡന്റ് ഏറ്റുവാങ്ങി. കൂട്ടായ്മയിൽ വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സുലൈഷ സലിം, പഞ്ചായത്ത് അംഗങ്ങളായ കെ.ആർ. ഗോപി, റ്റി.വി രാജീവ്, രമ്യ അനീഷ്, ജിൻസി സാജൻ, സി.ഡി.എസ് ചെയർപേഴ്സൺ ഷീബ ഭാസ്കരൻ, തൊഴിലുറപ്പ് പദ്ധതി എഞ്ചിനിയർ അനീന, വിവിധ വാർഡുകളിൽ നിന്നുള്ള മേറ്റുമാർ തുടങ്ങിയവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന രവീന്ദ്രൻ സ്വാഗതവും , വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്തമ്മ ജോയി നന്ദിയും പറഞ്ഞു.