തൊടുപുഴ: പഴകിയ മീൻ വാങ്ങാത്ത കുടുംബത്തെ മീൻകച്ചവടക്കാർ അസഭ്യം പറഞ്ഞതിനെച്ചൊല്ലി ബഹളം. ഭക്ഷ്യ യോഗ്യമല്ലെന്ന് കണ്ടതിനെ തുടർന്ന് മീൻ ഭക്ഷ്യ സുരക്ഷാ വിഭാഗം നശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് തൊടുപുഴയ്ക്ക് സമീപമായിരുന്നു സംഭവം. തൊടുപുഴയിൽ നിന്ന് മടങ്ങുകയായിരുന്ന കാളിയാർ സ്വദേശിയും കുടുംബവുമാണ് മീൻ വാങ്ങുന്നതിനായി കടയിലെത്തിയത്. വയറു പൊട്ടിയ മീൻ ഇടരുതെന്ന് പറഞ്ഞപ്പോൾ കടയിലുണ്ടായിരുന്നവർ അസഭ്യം പറഞ്ഞെന്നായിരുന്നു ആരോപണം. മീൻ വേണ്ടെന്ന് പറഞ്ഞ് പിൻമാറിയപ്പോൾ പിന്തുടർന്നെത്തിയെന്നും പരാതി ഉയർന്നു. ബഹളം കേട്ട് നാട്ടുകാർ കടയ്ക്ക് മുമ്പിൽ തടിച്ചുകൂടി. തർക്കം വൈകിട്ട് അഞ്ചര വരെ നീണ്ടു. നഗരസഭാ ചെയർമാൻ സനീഷ് ജോർജും പൊലീസും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി. തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പഴകിയ മീനുകൾ കുഴിച്ചു മൂടി. ഇതിനിടെ കടക്കാരും പരാതിക്കാരും തമ്മിലുള്ള പ്രശ്‌നവും സമവായമായിരുന്നു. ഭക്ഷ്യയോഗ്യമല്ലാത്ത മീൻ വിൽപ്പനയ്ക്ക് വെച്ച മാവിൻചുവട്ടിലെ ഗുലാന്റെ മീൻ കടയ്ക്കെതിരെ ജില്ലാ ഓഫീസർക്ക് റിപ്പോർട്ട് നൽകിയതായി ഫുഡ് സേഫ്ടി ഓഫീസർ ബൈജു പി. ജോസഫ് പറഞ്ഞു.