തൊടുപുഴ: നൂറ്റാണ്ടുകളുടെ കഥ പറയുന്ന അപൂർവങ്ങളായ നിരവധി ചരിത്ര രേഖകളുടെയും പുരാവസ്തുക്കളുടെയും വിപുലമായ ശേഖരമൊരുക്കി കീഴ്മലനാട് പുരാവസ്തു ചരിത്രരേഖ പ്രദർശനം തുടങ്ങി. പ്രസ്ക്ലബ് ഹാളിൽ നടക്കുന്ന പ്രദർശനത്തിൽ ബ്രിട്ടീഷുകാരുടെയും ഡച്ചുകാരുടെയും പോർച്ചുഗീസുകാരുടെയും മുഗൾ രാജാക്കന്മാരുടെയും കൂടാതെ, തിരുവിതാംകൂർ, കൊച്ചി,​ പൂഞ്ഞാർ രാജാക്കന്മാരുടെയും രാജഭരണകാലത്ത ചരിത്രരേഖകളും ചരിത്രശേഷിപ്പുകളുമുണ്ട്. യേശുക്രിസ്തുവിന്റെ കാലഘട്ടത്തിലെ വെള്ളിനാണയങ്ങൾ, മുഗൾ രാജാക്കന്മാരുടെ ഭരണകാലത്ത് എഴുതിയ കൈയെഴുത്ത് ഖുർആൻ, നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോല രാമായണം, പുരാതനബൈബിൾ, അപൂർവ്വ താളിയോല ഗ്രന്ഥങ്ങൾ, ചെമ്പു പട്ടയങ്ങൾ, താളിയോല പട്ടയങ്ങൾ, രാജകല്പനകൾ, മാന്ത്രിക ഗ്രന്ഥങ്ങൾ, രാജദൂത് ബോക്‌സുകൾ, കുറിമാനങ്ങൾ, മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലത്ത് ജൂതന്മാർക്ക് പ്രത്യേക അവകാശങ്ങൾ നൽകിക്കൊണ്ടുള്ള ചെമ്പോല ഗ്രന്ഥം, കൊച്ചി രാജഭരണ കാലത്തെയും തിരുവിതാംകൂർ രാജഭരണ കാലത്തെയും നാണയങ്ങൾ, വെള്ളിക്കോൽ, തിരുവിതാംകൂർ പണം, കൊച്ചി പുത്തൻ, ബ്രിട്ടീഷ് ഭരണകാലത്ത് ഉപയോഗിച്ചിരുന്ന അളവ് തൂക്ക ഉപകരണങ്ങൾ, ബ്രിട്ടീഷ് ഇന്ത്യയിലെ പത്രങ്ങൾ എല്ലാം പ്രദർശനത്തിലുണ്ട്. ട്രാവൻകൂർ കൊച്ചിൻ ഹെറിറ്റേജ് സൊസൈറ്റിയുടെ എട്ടാമത് വാർഷിക പരിപാടികളോടനുബന്ധിച്ചാണ് പ്രദർശനം നടത്തുന്നത്. ട്രാവൻകൂർ കൊച്ചിൻ ഹെറിറ്റേജ് സൊസൈറ്റി പ്രസിഡന്റ് എം.പി. നാസറിന്റെ അദ്ധ്യക്ഷതയിൽ പൂഞ്ഞാർ രാജകൊട്ടാരത്തിലെ ഹാരീഷ് കുമാർ വർമ്മ,​ തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജ്, കോതമംഗലം ഡി.എഫ്.ഒ എം.വി.ജി കണ്ണൻ, എസ്. ഉണ്ണികൃഷ്ണൻ , ഇടുക്കി ഡി.ഡി.ഇ കെ. ബിന്ദു, ഡി.ഇ.ഒ ഇ.എസ്. ശ്രീലത, പ്രമുഖ പുരാവസ്തു ചരിത്ര ഗവേഷകൻ ബാലഗോപാൽ ചാണയിൽ എന്നിവർ ചേർന്നാണ് പ്രദർശനം ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ചുള്ള വില്പന കൗണ്ടറുകളിൽ നിന്ന് നിങ്ങൾക്ക് ആവശ്യമായ എല്ലാത്തരം പഴയകാല വസ്തുക്കളും വാങ്ങാൻ സൗകര്യമുണ്ട്. ചരിത്ര വിദ്യാർത്ഥികളും സ്‌കൂൾ വിദ്യാർത്ഥികളും പൊതുജനങ്ങളും ഉൾപ്പെടെ പ്രദർശനം കാണാനെത്തുന്നുണ്ട്. പ്രവേശനം സൗജന്യമാണ്. ഇന്ന് അവസാനിക്കും.