
 ധീരജ് സ്മാരക മന്ദിരത്തിന് എം.വി. ഗോവിന്ദൻ മാസ്റ്റർ ശിലാസ്ഥാപനം നടത്തും
തൊടുപുഴ: കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവർത്തകനും ഇടുക്കി ഗവ. എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥിയുമായ ധീരജ് രാജേന്ദ്രന്റെ കുടുംബത്തിനായി സി.പി.എം ജില്ലാ കമ്മിറ്റി സമാഹരിച്ച സഹായനിധി 26ന് മുഖ്യമന്ത്രി പിണറായി വിജയൻ ധീരജിന്റെ മാതാപിതാക്കൾക്ക് കൈമാറും. ചടങ്ങിൽ ധീരജ് സ്മാരക മന്ദിരത്തിന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ശിലാസ്ഥാപനം നടത്തുമെന്നും ജില്ലാ സെക്രട്ടറി സി.വി. വർഗീസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11ന് ചെറുതോണി ബസ് സ്റ്റാന്റ് മൈതാനിയിൽ ചേരുന്ന പൊതുസമ്മേളനത്തിൽസി. പി. എം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.കെ. ജയചന്ദ്രൻ, എം.എം. മണി എം.എൽ.എ, കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, കൊല്ലം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, സംസ്ഥാന കമ്മിറ്റിയംഗം കെ.പി. മേരി, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ, പ്രസിഡന്റ് കെ. അനുശ്രീ, ജില്ലാ സെക്രട്ടറി ടോണി കുര്യാക്കോസ്, പ്രസിഡന്റ് ലിനു ജോസ് എന്നിവർ പങ്കെടുക്കും. ധീരജിനൊനൊപ്പം ആക്രമണത്തിൽ പരിക്കേറ്റ അമൽ, അഭിജിത്ത് എന്നീ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിനുള്ള സഹായവും കൈമാറും. വാർത്താസമ്മേളനത്തിൽ സി.പി.എം നേതാക്കളായ കെ.പി. മേരി, മുഹമ്മദ് ഫൈസൽ, ടി.ആർ. സോമൻ എന്നിവരും പങ്കെടുത്തു.
സമാഹരിച്ചത് 1.55 കോടി രൂപ
1,55,8000 രൂപയാണ് സി.പി.എം ജില്ലാ കമ്മിറ്റി ധീരജ് കുടുംബ സഹായനിധിക്കായി സമാഹരിച്ചത്. ഇതിൽ എട്ട് ലക്ഷം രൂപയോളം ശേഖരിച്ചത് എസ്.എഫ്.ഐയുടെ നേതൃത്വത്തിലാണ്. ആക്രി ഉത്പന്നങ്ങൾ ശേഖരിച്ചു വിറ്റാണ് ഈ പണം കണ്ടെത്തിയത്. 1.15 കോടി രൂപ സമാഹരിക്കാനായിരുന്നു പാർട്ടി ലക്ഷ്യമിട്ടിരുന്നത്. സമാഹരിച്ച തുകയിൽ ഒരു വിഹിതമാണ് ധീരജിന്റെ മാതാപിതാക്കൾക്കും പരിക്കേറ്റ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്കും കൈമാറുക. ബാക്കി തുക ചെറുതോണിയിൽ ധീരജ് സ്മാരക മന്ദിരം നിർമ്മിക്കാൻ വിനിയോഗിക്കും. എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികൾക്ക് പഠിക്കാനുതകുന്ന ലൈബ്രറിയടക്കം സ്മാരകമന്ദിരത്തിലുണ്ടാകും.
'കോൺഗ്രസിന്റെ ധാർമ്മികതയുടെ പ്രശ്നം"
ധീരജ് വധക്കേസിലെ മുഖ്യപ്രതിയായ നിഖിൽ പൈലി രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തത് ശരിയാണോയെന്നത് കോൺഗ്രസിന്റെ ധാർമ്മിക പ്രശ്നമാണെന്ന് സി.വി. വർഗീസ് പറഞ്ഞു. കേസിലെ മറ്റൊരു പ്രതി വാഹനമോഷണക്കേസിൽ പിടിയിലായതിൽ നിന്ന് മനസിലാകുന്നത് ഇവരെല്ലാം ഒരു ക്രിമിനൽ സെറ്റായിരുന്നുവെന്നാണ്. കൊലപാതകത്തിലെ ഗൂഢാലോചന സംബന്ധിച്ചും പൊലീസ് അന്വേഷിക്കും. കൊലക്കത്തി കണ്ടുകിട്ടാത്തത് കേസിനെ ബാധിക്കില്ലെന്നും പ്രതികൾക്കെതിരെ തെളിവ് നശിപ്പിച്ച കുറ്റംകൂടി ചുമത്താനാകുമെന്നും വർഗീസ് പറഞ്ഞു.